ശബരിമല യുവതി പ്രവേശം: ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാന്‍ യോഗം ഇന്ന്

ശബരിമല കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരുടെ യോഗം ഇന്ന് ചേരും. പരിഗണനയ്‌ക്കെത്തുന്ന ചോദ്യങ്ങള്‍ പുനഃക്രമീകരിക്കണോ എന്ന കാര്യവും ചര്‍ച്ചയാകും.
ശബരിമല യുവതി പ്രവേശത്തില്‍ വിശാല ബെഞ്ചിന് മുന്‍പിലുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും വാദങ്ങള്‍ തീരുമാനിക്കാനുമാണ് യോഗം. സുപ്രിംകോടതി സെക്രട്ടറി ജനറലാണ് അഭിഭാഷകരുടെ യോഗം വിളിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്വി, ഇന്ദിരാ ജയ്‌സിംഗ്, രാജീവ് ധവാന്‍, അശോക് ഭൂഷന്‍ എന്നിവര്‍ക്കാണ് യോഗത്തിന്റെ ചുമതല.
തുല്യതയ്ക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് മുന്‍പിലുള്ളത്. ചോദ്യങ്ങള്‍ ക്രമപ്പെടുത്തുകയും ആവശ്യമെങ്കില്‍ ഉപ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അക്കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. ഫെബ്രുവരി മൂന്നിനാണ് വിശാല ബെഞ്ച് വീണ്ടും ചേരുന്നത്. ഫെബ്രുവരി രണ്ടാം വാരം മുതല്‍ കേസില്‍ അന്തിമവാദം കേള്‍ക്കാനാണ് സാധ്യത. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലാണ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here