അഭയ കേസ്; ഡമ്മി പരീക്ഷണം നടത്തിയ ഡോക്ടറുടെ വിസ്താരം 29ന്
സിസ്റ്റർ അഭയ കേസിൽ ഡമ്മി പരീക്ഷണം നടത്തിയ ഡോ. എസ്.കെ പഥക്കിനെ ഈ മാസം 29 ന് വിസ്തരിക്കാൻ തീരുമാനം. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ വീഡിയോ കോൺഫറൻസിംഗ് വഴിയാകും വിസ്താരം. കേസിലെ എൺപത്തിയേഴാം സാക്ഷിയാണ് ഡോ. പഥക്ക്.
ജയ്പൂർ സാവായ് മാൻ സിംഗ് മെഡിക്കൽ കോളേജിലെ ഫോറൻസിക് തലവനായിരുന്ന ഡോ. പഥക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡമ്മി പരീക്ഷണം നടത്തി കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയത്. കേസിൽ സാക്ഷികളുടെ രഹസ്യമൊഴിയെടുത്ത മുൻ മജിസ്‌ട്രേറ്റ് ശരത്ചന്ദ്രൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു.
ഇതുവരെ കേസിൽ 35 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ എട്ടോളം സാക്ഷികൾ കുറ് മാറിയിരുന്നു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്.
1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റ്റിലെ കിണറ്റിൽ സിസറ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 1993 മാർച്ച് 29 ന് സിബിഐ ഏറ്റെടുത്തു. പത്ത് വർഷം മുൻപ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും നിയമക്കുരുക്കുകൾ കാരണം വിചാരണ പലതവണ മാറ്റിവച്ചു.
ഒന്നാം പ്രതി തോമസ് കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയുടെയും വിടുതൽ ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വിചാരണ വേഗത്തിൽ ആരംഭിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. രണ്ടു ഘട്ടമായി നടന്ന അന്വേഷണത്തിൽ 177 സാക്ഷികളാണുള്ളത്. കേസിന്റെ വിചാരണ സമയത്ത് പല സാക്ഷികളും കൂറുമാറിയിരുന്നു.
Story highlights- Abhaya case, Sister abhaya, CBI, Kerala police, Thomas kottoor, Stephy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here