‘അലന്റെ രാഷ്ട്രീയത്തിന് പി ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ട’: അമ്മ സബിത മഠത്തിൽ

സിപിഐഎമ്മിന് എതിരെ രൂക്ഷവിമർശനവുമായി മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ. സർക്കാരിന് അധികാരത്തിൽ കയറുന്നതിന് മുമ്പ് ഒരു മുഖവും അധികാരത്തിൽ കയറികഴിഞ്ഞാൽ മറ്റൊരു മുഖവുമാണ്. അലന്റെ രാഷ്ട്രീയത്തിന് പി ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ട.
അലൻ ഒരിക്കലും എസ്എഫ്‌ഐ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടില്ല. പാർട്ടിക്ക് എതിരെ പറഞ്ഞാൽ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും സബിത പറഞ്ഞു.
Read Also: സ്പാ പാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മുന്‍ കേരളാ ഫുട്‌ബോള്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു
എസ്എഫ്‌ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്നായിരുന്നു പി ജയരാജന്റെ പ്രസ്താവന. മുസ്ലിം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ അത് ശരിയല്ലെന്നും ഇരുവർക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തത് വെറുതെയല്ലെന്നും പി ജയരാജൻ പറഞ്ഞിരുന്നു. ഇന്നലെ കെഎൽഎഫ് വേദിയിൽ നടന്ന ‘മാവോയിസവും ഇസ്ലാമിസവും’ എന്ന വിഷയത്തിലെ സംവാദത്തിലാണ് ജയരാജൻ ഈ പ്രസ്താവന നടത്തിയത്.
സബിത വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു,
കുറിപ്പ് വായിക്കാം
സഖാവ് പി ജയരാജൻ വായിച്ചറിയുവാൻ …
താങ്കൾ ഇന്നലെ കെഎൽഎഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു.
‘ അലൻ എസ്എഫ്‌ഐയിൽ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി ‘
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലൻ എസ്എഫ്‌ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഐമ്മുമായി ചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവൻ സജീവ എസ്എഫ്‌ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്‌ഐയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക. താങ്കൾ വിചാരിക്കുന്നത് എസ്എഫ്‌ഐക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും ഒരു എസ്എഫ്‌ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ …
സഖാവ് ഒരു വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് … അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങൾ പോരാടുക തന്നെ ചെയ്യും .
അലന്റെ അർബൻ സെക്കുലർ അമ്മ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here