സൗദിയിൽ ജോലിയുളള സ്വദേശി വനിതകൾ വിവാഹ ആവശ്യങ്ങൾക്കായി പണം സമ്പാദിക്കാൻ ആഗ്രഹിക്കാത്തവരാണെന്ന് റിപ്പോർട്ട്

സൗദിയിൽ ജോലിയുളള സ്വദേശി വനിതകൾ വിവാഹ ആവശ്യങ്ങൾക്കായി പണം സമ്പാദിക്കാൻ ആഗ്രഹിക്കാത്തവരാണെന്ന് സർവെ റിപ്പോർട്ട്. സംതൃപ്തിയോടെ ജോലി ചെയ്യുന്ന യുവാക്കൾ 23.5 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
99.6 ശതമാനം സ്ത്രീകളും വിവാഹ ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കാൻ താത്പര്യം ഇല്ലാത്തവരാണ്. ജോലി ചെയ്യുന്ന വനിതകളിൽ 0.4 ശതമാനം മാത്രമാണ് വിവാഹത്തിന് സ്വന്തം സമ്പാദ്യം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം, 34.82 ശതമാനം പുരുഷൻമാർ വിവാഹ ചെലവുകൾക്ക് പണം സമ്പാദിക്കുന്നവരാണ്. സൗദിയിൽ സ്ത്രീധനം അഥവാ മഹർ വധുവിന്റെ അവകാശമാണ്. അതുകൊണ്ടുതന്നെ പുരുഷൻ സ്ത്രീധനം നൽകി വിവാഹം കഴിക്കുന്നു. ഇതാണ് വനിതാ ജീവനക്കാർ വിവാഹത്തിന് പണം സ്വരൂപിക്കാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷം സൗദി യുവജന വികസന സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഭവന നിർമ്മാണത്തിന് 19.38 ശതമാനം പുരുഷൻമാർ വരുമാനത്തിൽ നിന്ന് നിശ്ചിത സംഖ്യ സമ്പാദ്യമായി സൂക്ഷിക്കുന്നുണ്ട്. 7.27 ശതമാനം സ്ത്രീകളും ഭവന നിർമാണത്തിന് പണം സ്വരൂപിക്കുന്നുണ്ട്. ജോലി ചെയ്യുന്ന 45.88 ശതമാനം യുവാക്കളും തൊഴിലിടങ്ങളിൽ വിവിധ തരം വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ നടത്തിയ സർവേ പ്രകാരം സാമൂഹിക, സാമ്പത്തിക കാര്യങ്ങളിൽ യുവാക്കളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് നിരവധി സുപ്രധാന വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതായും യുവജന വികസന സർവേ റിപ്പോർട്ടിൽ പറയുന്നു.
Story Highlights- Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here