കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്മീർ സന്ദർശനം ഇന്ന് ആരംഭിക്കും

ജമ്മുകശ്മീരിലേക്കുള്ള കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഇന്ന് തുടങ്ങും. ജനവിശ്വാസം നേടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്തേക്ക് അയക്കുന്നത്. 36 കേന്ദ്രമന്ത്രിമാർ അടുത്ത അഞ്ചു ദിവസം വിവിധ ജില്ലകളിൽ സന്ദർശനം നടത്തും.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇതാദ്യമായാണ് കേന്ദ്രമന്ത്രിമാരുടെ സന്ദർശനം. രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, വി.മുരളീധരൻ, ഗിരിരാജ് സിംഗ് തുടങ്ങിയവർ കശ്മീർ സന്ദർശിക്കുന്ന മന്ത്രിമാരുടെ പട്ടികയിലുണ്ട്. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കാനുള്ള സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. കശ്മീർ താഴ്വരയിൽ ആശുപത്രി, ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ എന്നിവക്കുള്ള ഇന്റർനെറ്റ് സേവനം കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നൽകി തുടങ്ങി. എന്നാൽ, സാമൂഹ്യ മാധ്യമങ്ങൾക്ക് വിലക്ക് തുടരും. ജമ്മുവിൽ മൊബൈൽ ഇന്റർനെറ്റും ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here