മകരമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രം മറ്റന്നാൾ അടയ്ക്കും

മകരമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട മറ്റന്നാൾ അടയ്ക്കും. തീർത്ഥാടകർക്ക് നാളെ രാത്രി വരെ മാത്രമെ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള തീർത്ഥാടകരുടെ തിരക്കാണ് മകരവിളക്കുത്സവത്തിനായി നട തുറന്നത് മുതൽ അനുഭവപ്പെട്ടത്.
പതിവിന് വിപരീതമായി മകരവിളക്കിന് ശേഷം ധാരാളം തീർത്ഥാടകരാണ് എത്തിയത്. നാളെ കൂടി മാത്രമെ തീർത്ഥാടകർക്ക് ദർശനം ഉണ്ടാകൂ എന്നാൽ നെയ്യഭിഷേകം ഉണ്ടായിരിക്കുകയില്ല.
Read Also: മകരവിളക്കിന് ശേഷവും ശബരിമല സന്നിധാനത്ത് വൻ ഭക്ത ജനത്തിരക്ക്
ഇന്ന് രാത്രി നട അടയ്ക്കുന്നതിന് മുൻപ് മാളികപ്പുറം ക്ഷേത്രത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള അചാരപരമായ എഴുന്നെള്ളിപ്പ് നടക്കും. നട അടക്കുന്ന മറ്റന്നാൾ പന്തളം രാജപ്രതിനിധിക്ക് മാത്രമെ ദർശനം അനുവദിക്കൂ. ക്ഷേത്ര നട അടച്ച ശേഷം താക്കോലുമായി മേൽശാന്തി പതിനെട്ടാംപടിയുടെ താഴെയെത്തി രാജ പ്രതിനിധിക്ക് താക്കോലും നടവരവിന്റെ പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി പണക്കിഴി അടുത്ത ഒരു വർഷത്തേക്കുള്ള ക്ഷേത്ര ചെലവുകൾക്കായി മേൽശാന്തിക്ക് തിരികെ നൽകും. ഇതോടെയാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ആചാര പ്രകാരമുള്ള ചടങ്ങുകളും പൂർത്തിയാവുക. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 13 തിയതി നട തുറക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here