കേരളാ പൊലീസിൽ ചില എസ്‌ഐ മാർക്ക് ശമ്പളം ഇല്ല; അധികൃതരുടെ കരുണ തേടി 16 എസ്‌ഐമാർ

– ദീപക് ധർമ്മടം
സംസ്ഥാന പൊലീസിൽ ചില എസ്‌ഐമാർക്ക് ശമ്പളം ഇല്ല. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ച് കേരള പൊലീസിൽ ഡ്യൂട്ടിയിൽ പ്രവേശിച്ച 16 എസ്‌ഐമാർക്കാണ് ശമ്പളം കിട്ടാത്തത്. മേലധികാരികൾക്ക് മുന്നിൽ കൈനീട്ടി ശമ്പളം ഇല്ലാതെ ജോലി ചെയ്യുകയാണ് കേരളാ പൊലീസ് സായുധ സേനയിലെ ഈ എസ്‌ഐമാർ.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ എസ്‌ഐമാർക്കാണ് ശമ്പളം കിട്ടാത്തത്. ഐബി ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ 16 എസ്‌ഐമാരുടെ ശമ്പളം മുടങ്ങിയിട്ട് 6 മാസം കഴിഞ്ഞു. കേരളാ പൊലീസിന്റെ വിവിധ സായുധ സേനാ വിഭാഗങ്ങളിൽ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷൻ കിട്ടി പോയവരായിരിന്നു ഇവർ. 34 വർഷ കേന്ദ്ര സേവനം പൂർത്തിയാക്കി തിരിച്ച് കേരളാ പൊലീസിൽ പ്രവേശിച്ച് വിവിധ ഡ്യൂട്ടി ചെയ്യുന്നവർ ആണ് ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. കണ്ണൂർ കേരള ആംഡ് പൊലീസിലെ നാല് എസ്‌ഐമാർ, പാലക്കാട്ടെ കെഎപി 2ലെ മൂന്ന് എസ്‌ഐമാർ, മലപ്പുറം എംഎസ്പി ക്യാമ്പിലെ രണ്ട് എസ്‌ഐമാർ, പാണ്ടിക്കാട് ആർആർഎഫിലെ രണ്ട് എസ്‌ഐമാർ ഇങ്ങനെ നീളുന്നതാണ് ശമ്പളം കിട്ടാത്തവരുടെ പട്ടിക.
ഇവരെ ശമ്പളം നൽകാതെ ശബരിമല ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രധാന സുരക്ഷാ ഡ്യൂട്ടികളിൽ നിയോഗിച്ചുവരികയാണ്. എസ്‌ഐ തസ്തികകളിൽ നിലവിൽ ഒഴിവില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സർവീസ് ചട്ടപ്രകാരം കേന്ദ്ര ഡ്യൂട്ടി കഴിഞ്ഞ് വരുന്നവർക്ക് അതേ തസ്തികകളിൽ ഉടൻ നിയമനം നൽകി ശമ്പളം നൽകേണ്ടതാണ്. തസ്തിക ഒഴിവില്ലെങ്കിൽ അവസാനം പ്രമോഷൻ ലഭിച്ചവരെ ഡീപ്രമോട്ട് ചെയ്ത് തിരിച്ചു വന്നവർക്ക് നിയമനം നൽകണം. എന്നാൽ ഇതിന് പൊലീസ് ആസ്ഥാനം തയാറാകുന്നില്ല എന്നതാണ് ശമ്പളം മുടങ്ങാൻ കാരണം.
പൊലീസ് സേനയിൽ ആയതിനാൽ ക്യാമറയ്ക്ക് മുന്നിൽ പ്രതികരണം നൽകാനാകാതെ അധികൃതരുടെ കരുണ തേടുകയാണ് 16 ഉദ്യോഗസ്ഥർ. ഇതിൽ ചിലർ മക്കളുടെ പഠനത്തിനും ലോൺ അടക്കാനും ബുധിമുട്ടുകയാണ്. പൊലീസ് സേനയിൽ ആത്മഹത്യകൾ പെരുകുന്ന ഇക്കാലത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Story Highlights SI, Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here