റോഡ് ഷോ നീണ്ടു; നാമനിർദേശ പത്രിക സമർപ്പിക്കാനാകാതെ അരവിന്ദ് കെജ്‌രിവാൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിൽ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റോഡ് ഷോ നീണ്ടതോടെ അദ്ദേഹത്തിന് സമയത്തിന് മുഖ്യ വരണാധികാരിയുടെ ഓഫീസിൽ എത്താനായില്ല. ഇതേ തുടർന്ന് നോമിനേഷൻ സമർപ്പിക്കുന്നത് നാളത്തേക്ക് മാറ്റി.
ഡൽഹി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോഡ് ഷോ ഉണ്ടായിരിക്കുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.
റോഡ് ഷോയ്ക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ സമയം വേണ്ടിവന്നതോടെ ഉദ്ദേശിച്ച സമയത്ത് മുഖ്യ വരണാധികാരിയുടെ ഓഫീസിൽ അരവിന്ദ് കെജ്‌രിവാളിന് എത്താൻ സാധിച്ചില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം മൂന്ന് മണിവരെയായിരുന്നു. നാമനിർദേശ പത്രിക നാളെ സമർപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here