Advertisement

ഡിജിറ്റലായി പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

January 20, 2020
Google News 0 minutes Read

ഡിജിറ്റല്‍ പേയ്‌മെന്റ് വഴി പണം മുന്‍കൂറായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപേരെ തട്ടിപ്പിനിരയാക്കിയ സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. ഡിജിറ്റല്‍ പണമിടപാടുകള്‍ ജാഗ്രതയോടെ വേണം നടത്താന്‍. ഇതിനായി  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

ഡിജിറ്റല്‍ പണമിടപാട് രംഗത്തിന് ശക്തിപകരുന്ന പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐ. മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴി ഏത് സമയവും വളരെ എളുപ്പം പണമിടപാടുകള്‍ സാധ്യമാണ് എന്നതാണ് യുപിഐയുടെ സവിശേഷത. ഡിജിറ്റല്‍ പണമിടപാടുകളില്‍ പിന്‍ രഹസ്യമായി സൂക്ഷിക്കുക. എടിഎം പിന്‍ പോലെത്തന്നെ യുപിഐ പിന്‍ ആരുമായും പങ്കിടാതിരിക്കുക. പരിചയക്കാരുമായോ കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായോ പോലും യുപിഐ പങ്കുവയ്ക്കാതിരിക്കുക. കാരണം യുപിഐ പങ്കുവയ്ക്കുന്നതിലൂടെ നിങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും.

സാധനങ്ങള്‍ വാങ്ങാന്‍ യുപിഐ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഫോണിലേക്ക് കളക്റ്റ് റിക്വസ്റ്റ് വരും അത് നിങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ആ പണമിടപാട് പൂര്‍ത്തിയാവുകയുള്ളൂ. നിങ്ങളുടെ അംഗീകാരമില്ലാതെ യുപിഐ വഴി പണമിടപാടുകള്‍ നടത്താനാവില്ല. അതുകൊണ്ട് കളക്റ്റ് റിക്വസ്റ്റുകള്‍ വരുമ്പോള്‍ അവ വ്യക്തമായി പരിശോധിച്ച് നിങ്ങളുടെ പണമിടപാട് തന്നെയല്ലേ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം അതിന് അംഗീകാരം നല്‍കുക.

പണം ഇങ്ങോട്ട് ലഭിക്കുന്നതിനായി യുപിഐ പിന്‍ നല്‍കേണ്ടതില്ല. യുപിഐ പിന്‍ നല്‍കുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ ആര്‍ക്കെങ്കിലും പണം നല്‍കുന്നു എന്നാണ്. നിങ്ങളുടെ പണം എങ്ങോട്ടാണ് പോകുന്നു എന്നത് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വിശ്വാസയോഗ്യമായ ആപ്പുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. ഹാനികരമായ ആപ്പുകളിലൂടെ സ്‌ക്രീനില്‍ ടൈപ്പ് ചെയ്യുന്ന നിങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ആക്‌സസ് ചെയ്യാനാകും.

നിങ്ങളുടെ യുപിഐ പിന്‍ വിശ്വാസയോഗ്യമായ ആപ്പുകളില്‍ പണം അടയ്ക്കുമ്പോള്‍ മാത്രമേ നല്‍കാവൂ.
ലിങ്കുകളില്‍ നിന്ന് ലഭിക്കുന്ന വെബ്‌സൈറ്റുകളിലും ഫോമുകളിലും നിങ്ങളുടെ യുപിഐ പിന്‍ പങ്കിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

അപരിചിതര്‍ അയക്കുന്ന കളക്റ്റ് റിക്വസ്റ്റുകള്‍ നിരസിക്കുക. ചിലപ്പോള്‍, ഒരു അപരിചിതന്‍ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് കളക്റ്റ് റിക്വസ്റ്റുകള്‍ അയച്ചേക്കാം. ഇത് ആശയക്കുഴപ്പമുണ്ടാക്കാം. റിക്വസ്റ്റ് അയക്കുന്നയാളെ നിങ്ങള്‍ക്ക് പരിചയമില്ലെങ്കില്‍ അവരയക്കുന്ന അഭ്യര്‍ത്ഥന നിരസിക്കുക.

കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പേയ്മെന്റ് ആപ്പ് മാത്രം ഉപയോഗിക്കുക. നിങ്ങളുടെ പേയ്മെന്റ് ആപ്പില്‍ നിന്നും കസ്റ്റമര്‍ കെയറിന്റെയും സപ്പോര്‍ട്ടിന്റെയും വിവരങ്ങള്‍ കണ്ടെത്തുക. ഇന്റര്‍നെറ്റില്‍ കാണുന്ന വിശ്വാസ്യതയില്ലാത്ത നമ്പറുകള്‍ ഉപയോഗിക്കരുത്. വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഇന്റര്‍നെറ്റില്‍ നല്‍കി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here