ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ പട്ടികയും കേരളത്തിൽ നടപ്പാക്കില്ല; സെൻസസുമായി സഹകരിക്കും

ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ പട്ടികയും കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സെൻസസുമായി സഹകരിക്കാനും തീരുമാനിച്ചു. ഇക്കാര്യം സെൻസസ് ഡയറക്ടറെ അറിയിക്കും. അതേസമയം, തദ്ദേശ വാർഡ് വിഭജന കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.
സെൻസസ് ചോദ്യാവലിയിൽ നിന്ന് രണ്ടു ചോദ്യങ്ങൾ ഒഴിവാക്കിയായിരിക്കും സംസ്ഥാനത്ത് വിവര ശേഖരണം നടത്തുക. മാതാപിതാക്കളുടെ ജനനതീയതി, ജനന സ്ഥലം എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കുക. ഇവ അനാവശ്യമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
എൻപിആറിന്റെ പരീക്ഷണ ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയത് മാതാപിതാക്കളുടെ ജനന തീയതിയും ജനന സ്ഥലവും സംബന്ധിച്ച ചോദ്യങ്ങളാണ്. കഴിഞ്ഞ ദിവസം സെൻസസ് കമ്മീഷണർ വിളിച്ചു ചേർത്ത സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here