Advertisement

പൗരത്വ ഭേദഗതി: അനുരാഗ് കശ്യപ് വായടയ്ക്കണമെന്ന് പ്രിയദർശൻ; ദീപിക പദുകോണിനും വിമർശനം

January 20, 2020
Google News 2 minutes Read

പൗരത്വ ഭേദഗതിക്കെതിരായ സിനിമാ പ്രവർത്തകരുടെ പ്രതിഷേധങ്ങളെ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇവരെന്തിനാണ് അഭിപ്രായം പറയുന്നതെന്ന് ചോദിച്ച പ്രിയദർശൻ വിഷയത്തെപ്പറ്റി ഇവർ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നും ചോദിച്ചു. ജവഹർലാൽ നെഹ്റു സർവകലാശാല സന്ദർശിച്ച ദീപിക പദുകോണിനെയും പ്രിയദർശൻ രൂക്ഷമായി വിമർശിച്ചു. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ മനസ്സു തുറന്നത്.

“നിങ്ങൾക്ക് പറയാനുള്ളത് സിനിമയിലൂടെ പറയൂ. രാജ്യത്തിൻ്റെ രാഷ്ട്രീയ ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ സൃഷ്ടിക്കൂ. നിങ്ങളെപ്പറ്റി ആളുകൾ സംസാരിക്കാൻ വേണ്ടി മാത്രം നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിക്കരുത്. അത് സങ്കടകരമാണ്. വാർത്തകളിൽ ഇടം നേടാൻ ഈ രണ്ട് പേരെയും വിമർശിച്ചാൽ മാത്രം മതിയെന്ന പ്രവണത സങ്കടകരമാണ്.”- പ്രിയദർശൻ പറഞ്ഞു.

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെ പ്രിയദർശൻ രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നതു കൊണ്ട് അദ്ദേഹത്തിന് എന്താണ് ലഭിക്കുന്നത്? രാജ്യത്തിൻ്റെ ചിന്താശേഷിയെ മാറ്റിമറിക്കാൻ കെല്പുള്ള ലോകത്തിലെ തന്നെ ഏറ്റവും ശക്തിയുള്ള മാധ്യമങ്ങളിൽ പെട്ട സിനിമ അദ്ദേഹത്തിനുണ്ട്. സർക്കാരിനെ സിനിമയിലൂടെ വിമർശിക്കുന്നതിനു പകരം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധ കിട്ടാനാണ്. അദ്ദേഹം സൃഷ്ടിക്കുന്ന സിനിമകൾ പലരും ചിന്തിക്കുന്നത് റിയലസ്റ്റിക് ആണെന്നാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോലം അതൊക്കെ ലൈംഗികതയും അക്രമവുമാണ്. അനുരാഗ് കശ്യപിനെപ്പോലുള്ളവർ വായടയ്ക്കണം. പ്രതിഷേധം എല്ലാവരുടെയും മൗലികാവകാശമാണ്. പക്ഷേ, അമിത് ഷാക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും തുറന്നടിക്കുന്നത് ഈ മൗലികാവകാശത്തിൻ്റെ ദുരുപയോഗമാണ്.”- പ്രിയദർശൻ പറഞ്ഞു.

ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരുടെ ഭീഷണി മൂലം അദ്ദേഹത്തിന് തൻ്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു.

Story Highlights: Priyadarshan, Anurag Kashyap, Deepika Padukone, CAA, NRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here