സ്വവർഗ പ്രണയത്തിന്റെ കഥ പറഞ്ഞ് ആയുഷ്മാൻ ഖുറാനയുടെ പുതിയ സിനിമ; ട്രെയിലർ ശ്രദ്ധ നേടുന്നു
ബോളിവുഡ് യുവനടൻ ആയുഷ്മാൻ ഖുറാനയുടെ ഏറ്റവും പുതിയ ചിത്രം ‘ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. സ്വവർഗ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രം ഈ വിഷയത്തിലുള്ള മെയിൻസ്ട്രീം ബോളിവുഡിലെ ആദ്യ അടയാളപ്പെടുത്തലാണ്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും സിനിമയും വ്യത്യസ്തമായിരിക്കണമെന്ന് വാശി പിടിക്കുന്ന ആയുഷ്മാൻ്റെ കരിയറിലെ സുപ്രധാന തിരഞ്ഞെടുപ്പാവും ഇത്.
കാർത്തിക് സിംഗ് എന്ന കഥാപാത്രമായാണ് ആയുഷ്മാൻ ഖുറാന എത്തുന്നത്. ജിതേന്ദ്ര കുമാർ അവതരിപ്പിക്കുന്ന അമാൻ ത്രിപാഠി എന്ന കഥാപാത്രവുമായുള്ള കാർത്തിക് സിംഗിൻ്റെ പ്രണയമാണ് പ്രമേയം. തങ്ങളുടെ പ്രണയം ഇവർ മാതാപിതാക്കളോട് വെളിപ്പെടുത്തുന്നുണ്ടെങ്കിലും മാതാപിതാക്കൾ സമ്മതിക്കുന്നില്ല. ഇതിനിടെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അമാനോട് മാതാപിതാക്കൾ നിർബന്ധിക്കുന്നു. ട്രെയിലറിൻ്റെ അവസാനത്തിൽ ഇരുവരും ചേർന്ന് ചുംബിക്കുന്ന ദൃശ്യവും കാണാം.
ഹിതേഷ് കെവാലിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 21ന് ചിത്രം റിലീസാവും. ആയുഷ്മാനും ജിതേന്ദ്രക്കുമൊപ്പം നീന ഗുപ്ത, ഗജ്‌രാജ് റാവു, സുനിത രജ്‌വാർ തുടങ്ങിയ താരങ്ങളും അഭിനയിക്കും.
വിക്കി ഡോണർ, ശുഭ് മംഗൽ സാവ്‌ധാൻ, ബാല തുടങ്ങി ഒട്ടേറെ മികച്ച സിനിമകളിൽ മുൻപും ആയുഷ്മാൻ ഖുറാന അഭിനയിച്ചിരുന്നു.
Story Highlights: Ayushman Khurana, Movie Trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here