‘അൽ മല്ലുവിലെ കഥാപാത്രത്തിന് നൽകിയിരിക്കുന്നത് എന്റെ പഴയ പേര്’ : മിയ

അൽ മല്ലു തനിക്കേറെ സന്തോഷം തന്ന ചിത്രങ്ങളിലൊന്നാണെന്ന് മിയ. ട്വന്റിഫോർ ടാക്കീസിന് നൽകിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യം പറഞ്ഞത്. നടി മിയയുടെ പഴയ പേര് ജിമി എന്നാണ്. ഈ പേര് തന്നെയാണ് ചിത്രത്തിലെ കഥാപാത്രത്തിനും നൽകിയിരിക്കുന്നത്.
ഇതുകൊണ്ടൊക്കെ ചിത്രത്തോട് തനിക്കൊരു പ്രത്യേക അടുപ്പമുണ്ടെന്ന് മിയ പറഞ്ഞു. അൽഫോൺസാമ്മ എന്ന സീരിയലിലൂടെയാണ് മിയ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അന്ന് മിയയുടെ യഥാർത്ഥ പേരായ ‘ജിമി’ എന്നാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് മിയ എന്ന പേര് മാറ്റുന്നത്.
സംവിധായകൻ ബോബൻ സാമുവൽ തന്നെയാണ് ‘അൽ മല്ലുവിലെ’ മിയയുടെ കഥാപാത്രത്തിന് ജിമി എന്ന പേര് നൽകിയത്. ‘ബോബൻ സർ പണ്ട് മുതൽ സേവ് ചെയ്ത പേര് ജിമി എന്നാണ്. വിളിക്കുന്നതും ജിമി എന്നു തന്നെയാണ്. അതുകൊണ്ട് സർ തന്നെയാണ് കഥാപാത്രത്തിന് ജിമി എന്ന പേര് നൽകിയത്. മിയയൊക്കെ പിന്നെ വന്ന പേരല്ലേ…ജിമി എന്ന പേരിൽ വിളിക്കുന്നത് ഭയങ്കര സന്തോഷമാണ്’- മിയ പറയുന്നു.
Read Also : പുതുമണവാട്ടിയായി മിയ; ‘അൽ മല്ലു’വിലെ ‘ഏദൻ തോട്ടത്തിൻ’ ഗാനം പുറത്ത്
ചില സെറ്റുകൾ സന്തോഷം തരുമെന്നും അത്തരത്തിലൊന്നായിരുന്നു അൽ മല്ലുവിലെ സെറ്റെന്നും മിയ കൂട്ടിച്ചേർത്തു.
ബോബൻ സാമുവലാണ് അൽ മല്ലു സംവിധാനം ചെയ്തിരിക്കുന്നത്. ജയൻ നടുവാഴത്തിന്റേതാണ് കഥ. തിരക്കഥ രചിച്ചിരിക്കുന്നത് ബോബൻ സാമുവൽ തന്നെയാണ്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ പ്രവാസികളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. നമിതാ പ്രമോദ്, മിയാ ജോർജ് എന്നിവരെ കൂടാതെ ധർമജൻ ബോൾഗാട്ടി, സിദ്ദിഖ്, മിഥുൻ രമേശ്, മാധുരി, ഷീലു ഏബ്രഹാം, സിനിൽ സൈനുദ്ദീൻ, വരദ, ജെന്നിഫർ തുടങ്ങി ഒട്ടേറെ താരങ്ങൾ സിനിമയിൽ വേഷമിടുന്നുണ്ട്. മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദാണ് ചിത്രം നിർമിക്കുന്നത്.സംഗീതം രഞ്ജിൻ രാജും ഛായാഗ്രഹണം വിവേക് മേനോനും നിർവഹിക്കുന്നു. എഡിറ്റിംഗ് ദീപു ജോസഫ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here