ദ്രാവിഡിന്റെ ശിക്ഷണത്തിൽ പാണ്ഡ്യ ഒരുങ്ങുന്നു

പരുക്കിനു ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തും. അക്കാദമിയിലെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ നിരീക്ഷണത്തിലാവും പാണ്ഡ്യയുടെ പരിശീലനം.

പരുക്കിൽ നിന്ന് മുക്തനായി പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നുവെങ്കിലും പൂർണ ഫിറ്റല്ലെന്ന് കണ്ടെത്തിയിരുന്നു. ന്യൂസിലൻഡ് എ പരമ്പരക്കുള്ള ടീമിൽ ഉൾപ്പെട്ട പാണ്ഡ്യയെ പേഴ്സണൽ ട്രെയിനർ തിരികെ വിളിച്ചിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തി പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനാവും പാണ്ഡ്യയുടെ ശ്രമം.

15 മുതൽ 20 ദിവസം വരെ അദ്ദേഹം ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തിയേക്കും. അതോടെ അദ്ദേഹം ശേഷം മാച്ച് ഫിറ്റാവും എന്നാണ് വിവരം.

അതേ സമയം, ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ന്യൂസിലൻഡ് പര്യടനത്തിൽ കളിക്കില്ല. പരുക്കേറ്റ് പുറത്തായതിനു ശേഷം ഓസ്ട്രേലിയൻ പരമ്പരയിലൂടെ തിരികെയെത്തിയ ധവാൻ മികച്ച ഫോമിലായിരുന്നത് കൊണ്ടു തന്നെ അദ്ദേഹം പുറത്തു പോകുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.

ഓസ്ട്രേലിയൻ ബാറ്റിംഗിനിടെ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു ധവാനു പരുക്കേറ്റത്. പന്ത് ഫീൽഡ് ചെയ്യാനായി ഡൈവ് ചെയ്ത ധവാൻ ഇടതു തോളിനു പരുക്കേറ്റ് മടങ്ങി. പകരം സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി യുസ്‌വേന്ദ്ര ചഹാലാണ് ഇറങ്ങിയത്. ധവാനു പകരം ലോകേഷ് രാഹുലാണ് പിന്നീട് ഇന്ത്യൻ ഇന്നിംഗ്സ് രോഹിതിനൊപ്പം ഓപ്പൺ ചെയ്തത്.

ഇന്ന് രാവിലെ ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്ക് തിരിച്ചിരുന്നു. ടീമിനൊപ്പം ധവാൻ ഇല്ലായിരുന്നു. ന്യൂസിലൻഡിൽ അഞ്ച് ടി-20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക.

Story Highlights: Rahul Dravid, Hardik Pandya, NCAനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More