4.5 ഓവറിൽ പണി കഴിഞ്ഞു; ഇന്ത്യക്ക് അനായാസ ജയം

അണ്ടർ-19 ലോകകപ്പിൽ ജപ്പനെതിരെ ഇന്ത്യക്ക് അനായാസ ജയം. 43 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ജയം കുറിക്കുകയായിരുന്നു. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാളും (29), കുമാർ കുശാഗ്രയും (13) പുറത്താവാതെ നിന്നു.

18 പന്തുകളിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതമാണ് ജെയ്‌സ്വാൾ 29 റൺസെടുത്തത്. 11 പന്തുകളിൽ രണ്ട് ബൗണ്ടറികൾ സഹിതമാണ് കുശാഗ്രയുടെ ഇന്നിംഗ്സ്. നേരത്തെ, ഇന്ത്യയുടെ കൃത്യതയാർന്ന ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതിരുന്ന ജപ്പാൻ 22.5 ഓവറിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു. ഇന്ത്യക്കായി രവി ബിഷ്ണോയ് നാലും കാർത്തിക് ത്യാഗി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ജപ്പാനെ ബാറ്റിംഗിനയച്ച ഇന്ത്യ ഉജ്ജ്വലമായാണ് തുടങ്ങിയത്. അഞ്ചാം ഓവറിൽ സ്കോർ ബോർഡീൽ അഞ്ച് റൺസ് മാത്രം ഉണ്ടായിരിക്കെ ജപ്പാൻ്റെ ആദ്യ വിക്കറ്റ് വീണു. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ കടപുഴകി. ആകെ രണ്ട് ബൗണ്ടറികൾ മാത്രമാണ് ജപ്പാൻ ഇന്നിംഗ്സിൽ പിറന്നത്. അഞ്ച് താരങ്ങൾ റൺസൊന്നുമെടുക്കാതെ പുറത്തായി. രണ്ട് ഏഴ് റൺസുകളും ഒരു അഞ്ച് റൺസും മൂന്ന് ഒരു റണ്ണുമാണ് ജപ്പാൻ്റെ ബാക്കി സ്കോറുകൾ.ജപ്പാൻ്റെ ടോപ്പ് സ്കോർ ഇന്ത്യ നൽകിയ എസ്ക്ട്ര ആണ്. 19 റൺസ്.

പന്തെടുത്തവരെല്ലാം ഇന്ത്യക്കായി വിക്കറ്റിട്ടു. രവി ബിഷ്ണോയ് (4), കാർത്തിക് ത്യാഗി (3), ആകാശ് സിംഗ് (2), വിദ്യാധർ പാട്ടിൽ (1) എന്നിങ്ങനെയാണ് ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് നേട്ടം. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 90 റൺസിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Story Highlights: India, Japan, U-19, World Cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top