പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്റെയും താഹയുടെയും വീട്ടില്‍ പ്രതിപക്ഷ നേതാവ് ഇന്ന് സന്ദര്‍ശനം നടത്തും

പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുന്നണി തലത്തില്‍ ഇടപെടാന്‍ ഒരുങ്ങി യുഡിഎഫ്. അറസ്റ്റിലായ അലന്റെയും താഹയുടെയും വീട്ടില്‍ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തും. അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗത്തില്‍ കേസില്‍ ഏത് തരത്തിലുള്ള ഇടപെടലാണ് വേണ്ടെതെന്ന കാര്യത്തില്‍ തീരുമാനം എടുക്കും.
അലനും താഹക്കുംമേല്‍ യുഎപിഎ ചുമത്തിയതിന് യുഡിഎഫ് തുടക്കം മുതല്‍ എതിരായിരുന്നു. മതിയായ തെളിവുകള്‍ ഇല്ലാതെ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയത് അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടിലായിരുന്നു യുഡിഎഫ്. കഴിഞ്ഞ നിയസഭാ സമ്മേളന സമയത്ത് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തികഞ്ഞ ആത്മവിശ്വാസത്തില്‍ അലനും താഹയും കോടതി വളപ്പില്‍ വച്ച് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് യുഡിഎഫ് ഈ വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ പറഞ്ഞു.
അതേസമയം ന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ന്യൂനപക്ഷ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തുടരുന്നുവെന്ന പ്രതിപക്ഷ ആക്ഷേപത്തെ സാധൂകരിക്കാന്‍ യുഎപിഎ ഉദാഹരണമായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടും. അതിന് പുതിയ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. രാവിലെ ഇരുവരുടെയും വീട്ടില്‍ എത്തുന്ന രമേശ് ചെന്നിത്തല കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചശേഷം വിഷയത്തിലെ യുഡിഎഫിന്റെ തുടര്‍ നടപടികള്‍ വിശദീകരിക്കുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here