സുഭാഷ് വാസുവിനെ പുറത്താക്കിയ നടപടി; ബിഡിജെഎസില്‍ പിളര്‍പ്പിന് കളമൊരുങ്ങുന്നു

സുഭാഷ് വാസുവിനെ പുറത്താക്കിയതിന് പിന്നാലെ ബിഡിജെഎസില്‍ പിളര്‍പ്പിന് കളമൊരുങ്ങുന്നു. ഈ മാസം 27ന് കായംകുളത്ത് സുഭാഷ് വാസു വിമത യോഗം വിളിച്ചു. അതേസമയം സുഭാഷ് വാസുവിന്റെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ തുഷാര്‍ പക്ഷവും കളത്തിലിറങ്ങിക്കഴിഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും കീഴടങ്ങാന്‍ സുഭാഷ് വാസു കൂട്ടാക്കിയിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ മാസം 27ന് കായംകുളത്ത് വിമത യോഗം വിളിച്ചതിന് പുറമേ തുഷാര്‍ വിരുദ്ധരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമായിട്ടുണ്ട്.
അതേസമയം സുഭാഷ് വാസുവിന് തടയിടാന്‍ തുഷാര്‍ വിഭാഗവും ശ്രമമാരംഭിച്ചിട്ടുണ്ട്. വിശ്വസ്തർക്കെല്ലാം സ്ഥാനം നൽകി മറുകണ്ടം ചാടാതിരിക്കാനുള്ള പ്രതിരോധ നടപടികളാണ് പയറ്റുന്നത്. ഇതിന്റെ ഭാഗമായി സുഭാഷ് വാസുവിനെ നീക്കിയ ഒഴിവിൽ പുതിയ രണ്ട് ജനറൽ സെക്രട്ടറിമാരെ ബിഡിജെഎസ് നിയോഗിച്ചു. പച്ചയില്‍ സന്ദീപ്, അനിരുദ്ധന്‍ കാര്‍ത്തികേയന്‍ എന്നിവരാണ് പുതുതായി നേതൃനിരയില്‍ എത്തിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന സിനിൽ മുണ്ടപ്പള്ളിയെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. ഇതോടൊപ്പം വെളളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിങ് ഉൾപ്പെടുന്ന കായംകുളം പള്ളിക്കൽ ശ്രീ ഗുരുദേവാ ചാരിറ്റബിൾ & എഡ്യൂക്കേഷൻ ട്രസ്റ്റില്‍ റിസീവർ ഭരണം ഏർപ്പെടുത്താൻ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് മെമ്പർ മുഖാന്തരം ആലപ്പുഴ ജില്ലാ കോടതിയിൽ തുഷാര്‍ ഹർജി നൽകിയിട്ടുമുണ്ട്.
Story Highlights: BDJS, Thushar Vellapally, Subhash Vasu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here