സിഎഎ-എൻആർസി വിരുദ്ധസമരം; സിപിഐഎം ജില്ലാ കമ്മറ്റി അംഗം എസ്ഡിപിഐ നേതാവുമായി വേദി പങ്കിട്ടതിൽ വിശദീകരണവുമായി സംഘാടകർ

പൗരത്വ ഭേതഗതി നിയമവുമായി ബന്ധപ്പെട്ട സമരത്തിൽ സിപിഐഎം ജില്ലാ കമ്മറ്റി അംഗം എസ്ഡിപിഐ നേതാവുമായി വേദി പങ്കിട്ടതിൽ വിശദീകരണവുമായി സംഘാടകർ. എസ് ഡി പി ഐ നേതാവ് എന്ന നിലയിൽ തങ്ങൾ ആരേയും പരിപാടിക്ക് ക്ഷണിച്ചിട്ടില്ലെന്ന് പാലക്കാട് പെരിങ്ങോട്ടുകുർശിയിലെ സമരസമിതി നേതാക്കൾ 24 നോട് പറഞ്ഞു.

അതേ സമയം എസ്ഡിപിഐക്ക് വേണ്ടി സംസാരിക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ മുഖ്യാതിഥിയായ പരിപാടിക്കെത്തിയതെന്നാണ് ജില്ലാ ജനറൽ സെക്രട്ടറി അലവി മാസ്റ്ററുടെ വിശദീകരണം.

എസ്ഡിപിഐ നേതാവും ജില്ലാ ജനറൽ സെക്രട്ടറിയുമായ അലവി മാസ്റ്ററുമായി സിഐടിയു ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ എം ഹംസ വേദി പങ്കിട്ടത് വിവാദമായ സാഹചര്യത്തിലാണ് പെരിങ്ങോട്ടുകുർശ്ശി മതേതര ജനകീയ കൂട്ടായ്മ വിശദീകരണവുമായി രംഗത്തെത്തിയത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധറാലിയുടെ സംഘാടകർ എസ്ഡിപിഐ അല്ല. അലവി മാസ്റ്ററെ ക്ഷണിച്ചതും ആ പാർട്ടിയുടെ പേരിലല്ല.

അലവി മാസ്റ്റർ എസ്ഡിപിഐയുടെ പേര് പറഞ്ഞ് അഭിവാദ്യമർപ്പിച്ചപ്പോൾ തന്നെ കുറിപ്പ് നൽകി പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് പരിപാടിയുടെ സംഘാടകർ 24 നോട് പറഞ്ഞു. അതേ സമയം എസ്ഡിപിഐ ക്ക് വേണ്ടി പ്രസംഗിക്കാൻ ക്ഷണിച്ചതുകൊണ്ടുതന്നെയാണ് താൻ വന്നതെന്ന നിലപാട് ജില്ലാ ജനറൽ സെക്രട്ടറി അലവി മാസ്റ്റർ ആവർത്തിച്ചു.

സിപിഐഎം വിഭാഗീയതയുടെ ഭാഗമാണ് വിവാദമെന്നാണ് എസ്ഡിപിഐ വിശദീകരണം. സംഭവം സിപിഐഎമ്മിനുള്ളിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

Story Highlights: CAA, NRC, SDPI, CPIM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top