Advertisement

കോട്ടയത്ത് അക്ഷരം പഠിപ്പിക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര പീഡനം

January 23, 2020
2 minutes Read

കോട്ടയം കുറുപ്പന്തറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര പീഡനം. മണ്ണാറപ്പാറ സെൻറ് സേവ്യേഴ്‌സ് എൽപി സ്‌കൂളിൽ മലയാളം അക്ഷരം പഠിപ്പിക്കുന്നതിനായാണ് അധ്യാപിക കുട്ടിയെ തല്ലി ചതച്ചത്. കുട്ടിയുടെ ശരീരത്തിൽ അടി കൊണ്ട് നിരവധി പാടുകളുണ്ട്. അധ്യാപികയായ മിനിമോൾ ജോസാണ് രണ്ടാം ക്ലാസിലെ വിദ്യാർത്ഥി പ്രണവ് രാജിനെ മർദ്ദിച്ചത്. കുട്ടിയുടെ രണ്ട് കാലുകളിലുമായി അടി കിട്ടിയ 21 പാടുകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ വീട്ടുകാർ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

Read Also: സിഗരറ്റിൽ ലഹരി മരുന്ന് നൽകി മൂന്നു വർഷത്തോളമായി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് 19 കാരൻ അറസ്റ്റിൽ

ഉച്ചയ്ക്ക് ശേഷം കുട്ടിയെ അടുത്തേക്ക് വിളിപ്പിച്ച അധ്യാപിക മലയാളം വായിപ്പിച്ചു. തുടർന്ന് വായിച്ചത് ശരിയല്ലെന്ന് പറഞ്ഞ് ചൂരൽ വച്ച് അടിക്കുകയായിരുന്നു. വൈകുന്നേരം സ്‌കൂൾ വിട്ട് വന്ന കുട്ടിയുടെ കാലിലെ പാടുകൾ കണ്ട് മുത്തശ്ശി കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ചതാണെന്ന് കുട്ടി പറയുന്നത്. കുട്ടിയുമായി അമ്മൂമ്മ സ്‌കൂളിലെത്തിയപ്പോഴേക്കും അധ്യാപിക പോയിരുന്നു. മറ്റ് അധ്യാപകർ നാളെ വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. പിന്നീട് ജോലി കഴിഞ്ഞെത്തിയ അമ്മ സംഭവം ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു. മലയാളം വായിച്ച് കണ്ണ് തെളിയാനാണ് അടിച്ചതെന്നാണ് അധ്യാപിക തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ കുറുപ്പന്തറ കളത്തൂക്കുന്നേൽ സൗമ്യ പറയുന്നു.

പൊലീസുമായി ബന്ധപ്പെട്ട് പിന്നീട് അമ്മ ചൈൽഡ്‌ലൈനിൽ പരാതി നൽകി. അവർ സ്‌കൂൾ സന്ദർശിച്ച് വിവരങ്ങളന്വേഷിക്കും. കുട്ടിയുടെ അച്ഛൻ ഒരു വർഷം മുൻപ് അപകടത്തിൽ മരിച്ചു പോയതാണ്. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി രംഗത്തെത്തിയ സ്‌കൂൾ അധികൃതർ പരാതി പിൻവലിക്കില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെ തിരിച്ച് പോയി. പ്രാഥമിക അധ്യാപിക, ആരോപണ വിധേയയായ അധ്യാപിക, ക്ലാസ് അധ്യാപിക എന്നിവർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കുറുവിലങ്ങാട് എഇഒ ഇഎസ് ശ്രീലത രാത്രിയോടെ കാര്യമറിഞ്ഞെന്ന് ഒരു മാധ്യമത്തോട് വ്യക്തമാക്കി. പ്രഥമാധ്യാപിക പറഞ്ഞിരിക്കുന്നത് അശ്രദ്ധ കാണിച്ച കുട്ടിക്ക് ചെറിയ ശിക്ഷയാണ് നൽകിയത് എന്നാണ്. വിദ്യാഭ്യാസ വകുപ്പ് ചട്ട ലംഘനമാണിത്. വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും.

 

 

 

cruel torture to child from teacher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top