നിര്‍ഭയ കേസ്; പ്രതികള്‍ക്ക് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. ജയിലില്‍ കഴിയുന്ന നാല് കുറ്റവാളികള്‍ക്ക് ജയില്‍ അധികൃതര്‍ അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നോട്ടീസിലുള്ളത്.
ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായുള്ള ചോദ്യങ്ങളാണ് ജയില്‍ അധികൃതര്‍ ചോദിച്ചിരിക്കുന്നത്. അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്, സ്വത്ത് ഉണ്ടെങ്കില്‍ ആര്‍ക്ക് കൈമാറണം, മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ എന്നീ ചോദ്യങ്ങളാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്.
കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ഡമ്മികള്‍ നേരത്തെ തൂക്കിലേറ്റിയിരുന്നു. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റും നിറച്ചാണ് ഡമ്മി നിര്‍മിച്ചത്. പരീക്ഷണം വിജയകരമായിരുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here