സെൻസസിൽ വിവാദചോദ്യങ്ങളുണ്ടാവില്ല: ചീഫ് സെക്രട്ടറി

ആശയക്കുഴപ്പങ്ങൾക്കൊടുവിൽ സെൻസസിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ടോം ജോസാണ് സെൻസസിൽ വിവാദചോദ്യങ്ങളുണ്ടാവില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനതല സെൻസസ് കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി കാര്യമറിയിച്ചത്.
Read Also: എൻപിആർ; കേന്ദ്ര യോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തി സംസ്ഥാനങ്ങൾ
സെൻസസും എൻപിആർ പുതുക്കലും തമ്മിൽ ബന്ധമില്ല. ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ നടപടി നടത്തില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ എൻപിആർ പ്രവർത്തനങ്ങൾ നടത്തുകയോ അതിനാവശ്യമായ വിവരങ്ങൾ വീടുകളിൽ നിന്ന് എന്യുമറേറ്റർമാർ ശേഖരിക്കുകയോ ചെയ്യില്ല. ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുമ്പോൾ വാസസ്ഥലം രേഖപ്പെടുത്തലും ഗൃഹനാഥന്റെ പേര്, അംഗങ്ങളുടെ എണ്ണം എന്നിവ ഉൾപ്പെടെയുള്ള 33 ചോദ്യങ്ങളും മാത്രമേ ഉണ്ടാകൂ. രണ്ടാം ഘട്ടമായി 2021 ഫെബ്രുവരി ഒൻപത് മുതൽ മാർച്ച് അഞ്ച് വരെയാണ് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത്. ആ സമയം ജനസംഖ്യാ കണക്കെടുപ്പിനാവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കൂ. ജനങ്ങൾ സെൻസസുമായി സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ സംസാരിച്ചു. യോഗ തീരുമാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
census 2021, tom jose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here