പൗരത്വ നിയമഭേദഗതി; കേരളം സമർപ്പിച്ച സ്യൂട്ട് ഹർജി അടുത്ത ആഴ്ച പരിഗണിച്ചേക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമർപ്പിച്ച സ്യൂട്ട് ഹർജി സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും. അടുത്ത ആഴ്ച പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ കേരളത്തിന്റെ ഹർജിയും ഉൾപ്പെടുത്തി. എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ല. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് കേരളത്തിന്റെ ആരോപണം. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയവും ഹർജിക്കൊപ്പം സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ഏക സംസ്ഥാനമാണ് കേരളം.

അതേ സമയം, കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതി ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചിരുന്നു. ഹർജികൾ അഞ്ചംഗ ബെഞ്ചിലേക്ക് മാറ്റി. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ നോട്ടിസിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയം ചോദിച്ചിട്ടുണ്ട്. ഇത് സുപ്രിംകോടതി അനുവദിച്ചു.

80 ഹർജികളിലാണ് കേന്ദ്രം മറുപടി പറയുക. അതേസമയം, അസം, ത്രിപുര കേസുകൾ പ്രത്യേകം പരിഗണിക്കും. അസമിൽ അന്തിമപട്ടിക വരെ നിയമം നടപ്പാക്കില്ലെന്ന് എജി കോടതിയിൽ അറിയിച്ചു.

എന്നാൽ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ അനുവദിക്കണമെന്ന വാദം സുപ്രിംകോടതി തള്ളി. നിയമത്തിന് സ്‌റ്റേയോ ഇടക്കാല ഉത്തരവോ ഇല്ലെന്ന് സുപ്രിംകോടതി അറിയിച്ചു. അഞ്ചാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് വാദം കേട്ടത്. മുസ്ലിം ലീഗാണ് മുഖ്യകക്ഷി. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, സിപിഐ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ, പ്രക്ഷോഭത്തിന് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥി സംഘടനകൾ എന്നിവരാണ് ഹർജികൾ നൽകിയത്.

Story Highlights: CAA, NRC, Supreme Court, Kerala Suit Petitionനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More