ഇന്ത്യക്ക് ഇനിയും ധോണിയെ വേണം; തീരുമാനിക്കേണ്ടത് കോലിയെന്ന് റെയ്ന

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനിയും എംഎസ് ധോണിയെ ആവശ്യമുണ്ടെന്ന് മുൻ താരം സുരേഷ് റെയ്ന. ഐപിഎല്ലിൽ ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി കളിക്കുന്ന റെയ്ന ഇക്കാര്യം തീരുമാനിക്കേണ്ടത് ക്യാപ്റ്റൻ വിരാട് കോലിയാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ലോകകപ്പ് സെമിയിൽ പരാജയപ്പെട്ടതിനു ശേഷം ധോണി ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല.
“ധോണി ബഹളങ്ങളൊന്നും ഉണ്ടാക്കാതെ ക്രിക്കറ്റ് കളി നിർത്തും. പക്ഷേ, അദ്ദേഹം ഇനിയും കളിക്കണമെന്നാണ് എൻ്റെ ആഗ്രഹം. ഇപ്പോഴും അദ്ദേഹത്തിനു ഫിറ്റ്നസുണ്ട്. ഫിറ്റ്നസ് നിലനിർത്താൻ അദ്ദേഹം ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ഇന്ത്യക്ക് വേണോ എന്ന് തീരുമാനിക്കേണ്ടത് ക്യാപ്റ്റൻ വിരാട് കോലി മാത്രമാണ്. ഇന്ത്യൻ ടീമിന് ധോണിയുടെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”- റെയ്ന പറഞ്ഞു.
അതേ സമയം, ദേശീയ ടീമിൽ തിരികെ എത്തുക ധോണിക്ക് എളുപ്പമാവില്ലെന്നും റെയ്ന കൂട്ടിച്ചേർത്തു. കോലി മനസ്സു വെക്കുന്നതിനൊപ്പം ധോണി മികച്ച ഫോമിൽ കളിക്കേണ്ടതുണ്ട്വെന്നും റെയ്ന പറഞ്ഞു.
പുതുമുഖ കളിക്കാർക്ക് ക്യാപ്റ്റൻ പിന്തുണ നൽകേണ്ടതിൻ്റെ ആവശ്യകതയും റെയ്ന എടുത്തു പറഞ്ഞു. പുതുമുഖങ്ങൾക്ക് ടീമിൽ തുടരണമെങ്കിൽ ക്യാപ്റ്റൻ്റെ പിന്തുണ വേണം. അവസരങ്ങൾ കൂടുതലായി ലഭിക്കുക എന്നത് പുതുമുഖങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കരിയറിൻ്റെ തുടക്കത്തിൽ താൻ രാഹുൽ ദ്രാവിഡിനു കീഴിലാണ് കളിച്ചത്. അദ്ദേഹം ഏറെ അവസരങ്ങൾ നൽകി. ധോണിക്ക് കീഴിൽ കളിച്ചപ്പോൾ അദ്ദേഹവും അവസരങ്ങൾ നൽകി. അദ്ദേഹം തൻ്റെ കരിയറിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും റെയ്ന പറഞ്ഞു.
കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. നിലവിൽ മൂന്ന് ഫോർമാറ്റുകളിലും ഋഷഭ് പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ.
Story Highlights: MS Dhoni, Suresh Raina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here