Advertisement

യൂബർ ഈറ്റ്സിന്‌റെ തകർച്ചക്കു പിന്നിൽ മൂന്നു കാരണങ്ങൾ

January 24, 2020
Google News 1 minute Read

യൂബർ ഈറ്റ്സിനെ സൊമാറ്റോ വാങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ യൂബറിനെ ഏറ്റെടുത്തത്. 2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച യൂബർ ഈറ്റ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഫുഡ് മാർക്കറ്റിൽ അത്യാവശ്യം ഉപഭോക്താക്കൾ ഉണ്ടായിരുന്ന ഊബർ ഈറ്റ്സിന് എന്താണ് സംഭവിച്ചതെന്ന് മേഖലയിലെ വിദഗ്ധർ വിശദീകരിച്ചിരിക്കുകയാണ്.

ആദ്യ കാരണമായി പറയപ്പെടുന്നത് യൂബർ ഈറ്റ്സ് നൽകി വന്നിരുന്ന കനത്ത ഓഫറുകളായിരുന്നു. ഇതു മൂലം 2197 കോടി രൂപയുടെ നഷ്ടമാണ് യൂബർ ഈറ്റ്സ് ഇന്ത്യക്ക് ഉണ്ടായത്. കടം അധികരിച്ചതോടെ വിറ്റൊഴിയാൻ അവർ നിർബന്ധിതരായി.

രണ്ടാമത്തെ കാരണം, ആപ്പിൻ്റെ പ്രമോഷൻ തന്ത്രങ്ങളാണ്. യൂബർ ഈറ്റ്സിൻ്റെ ബ്രാൻഡ് അംബാസിഡർ ബോളിവുഡ് നടി ആലിയ ഭട്ട് ആയിരുന്നു. ഇന്ത്യയിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ഒരു സെലബ്രിറ്റി ബ്രാൻഡ് അംബാസിഡറായ ഒരേയൊരു കമ്പനിയായിരുന്നു യൂബർ ഈറ്റ്സ്. ആലിയ ഭട്ടിനു നൽകേണ്ടി വന്ന ഭീമമായ പ്രതിഫലത്തോടൊപ്പം സമൂഹ മാധ്യമങ്ങളിലെ യൂബർ ഈറ്റ്സിൻ്റെ സാന്നിധ്യം കുറഞ്ഞതും ആപ്പിനു തിരിച്ചടിയായി. 2019ൽ നടിയെ വെച്ച് പുറത്തിറക്കിയ ഒരേയൊരു ആഡ് മാത്രമായിരുന്നു സമൂഹ മാധ്യമങ്ങളിൽ യൂബർ ഈറ്റ്സിൻ്റെ സാന്നിധ്യം. അതേ സമയം, ഇന്ത്യയിലെ മറ്റ് ഫുഡ് ആപ്പുകളായ സൊമാറ്റോ, സ്വിഗി തുടങ്ങിയവർ എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

അടുത്ത കാരണം, മാർക്കറ്റിലേക്കുള്ള അവരുടെ വൈകിയ രംഗപ്രവേശനമാണ്. സൊമാറ്റോ, സ്വിഗ്ഗി എന്നീ ആപ്പുകൾ നേരത്തെ ആരംഭിച്ച് സുപ്രധാനമായ റെസ്റ്റോറൻ്റുകളുമായെല്ലാം കരാറിൽ ഏർപ്പെട്ടു. ഇതോടെ യൂബർ ഈറ്റ്സിന് ബിസിനസ് പിടിക്കാൻ ബുദ്ധിമുട്ടായി. പിന്നിൽ നിന്ന് പൊരുതിക്കയറേണ്ടതു കൊണ്ട് അവർക്ക് അധിക ഓഫറുകൾ നൽകേണ്ടി വന്നു. ഇവിടെ നിന്ന് ആദ്യ പോയിൻ്റിലേക്ക് മടങ്ങുകയാണ്. ഇതിനൊപ്പം ഒരു പ്രധാന ആപ്പ്, ഒരു ബാക്കപ്പ് ആപ്പ് എന്ന ഉപഭോക്താക്കളുടെ ചിന്തയും യൂബർ ഈറ്റ്സിനു തിരിച്ചടിയായി. സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകൾ ഉള്ളതു കൊണ്ട് തന്നെ മൂന്നാമതൊരു ആപ്പിന് സാധ്യത കുറവായിരുന്നു.

Story Highlights: Uber Eats, Zomato, Swiggy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here