മരണവാറന്റ് സ്റ്റേ ചെയ്യണമെന്നുമുള്ള നിർഭയ കേസ് പ്രതികളുടെ ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും

ദയാഹർജി സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ തീഹാർ ജയിൽ അധികൃതർ നൽകുന്നില്ലെന്നും മരണവാറന്റ് സ്റ്റേ ചെയ്യണമെന്നുമുള്ള നിർഭയ കേസ് പ്രതികളുടെ ഹർജി ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ പവൻകുമാർ ഗുപ്തയും അക്ഷയ് കുമാറും ഇന്നലെ ഇതു സംബന്ധിച്ച ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, പ്രതികളുടെ അഭിഭാഷകൻ നിയമവ്യവസ്ഥയെ നോക്കി കൊഞ്ഞനംകുത്തുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഫെബ്രുവരി ഒന്നിന് പുലർച്ചെ ആറിന് വധശിക്ഷ നടപ്പാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പവൻകുമാർ ഗുപ്തയുടെയും അക്ഷയ് കുമാറിന്റെയും ആവശ്യം. സുപ്രിംകോടതിയിൽ തിരുത്തൽ ഹർജിയും രാഷ്ട്രപതിക്ക് ദയാഹർജിയും സമർപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ രേഖകൾ നൽകാതെ തീഹാർ ജയിൽ അധികൃതർ മനഃപൂർവം നിയമപരിഹാരം തേടൽ വൈകിപ്പിക്കുന്നുവെന്നും. മരണവാറന്റ് സ്റ്റേ ചെയ്യണമെന്നും രേഖകൾ ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു.
അഭിഭാഷകനായ എപി സിംഗാണ് പ്രതികൾക്ക് വേണ്ടി ഹർജി സമർപ്പിച്ചത്. അതേസമയം, അഭിഭാഷകനെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ശിക്ഷ വൈകിപ്പിക്കൽ തന്ത്രമാണ് പ്രതികൾ പയറ്റുന്നതെനന്ും നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് അഭിഭാഷകൻ ചെയ്യുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ നിയമങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്നും മനീഷ് സിസോദിയ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here