ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകളുടെ വിതരണം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി; ട്വന്റിഫോർ ഇംപാക്ട്

ഹീമോഫീലിയ രോഗികൾക്കുള്ള ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇതിനായി ഫണ്ട് അനുവദിച്ച് കിട്ടിയതായും മന്ത്രി പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് കാരുണ്യ ഫാർമസികൾ വഴി ഹീമോഫീലിയ രോഗികൾക്ക് നൽകുന്ന സൗജന്യ മരുന്ന് വിതരണം മുടങ്ങിയിരിക്കുകയാണ്. ഓരോ വർഷവും 80 കോടി രൂപയാണ് സർക്കാർ ഇതിനായി ചെലവഴിക്കുന്നത്. കുടിശികയായ കോടികൾ നൽകാത്തതോടെയാണ് കമ്പനികൾ മരുന്ന് വിതരണം നിർത്തിയത്. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. കുടിശിക തീർക്കാൻ സർക്കാർ തുക അനുവദിച്ചിട്ടുണ്ടെന്നും മരുന്ന് ഉടൻ ലഭ്യമാകുമെന്നും മന്ത്രി.
മരുന്ന് ലഭിക്കാകാത്തതിനാൽ നിരവധി രോഗികൾ പ്രതിസന്ധിയിലായെന്ന വാർത്ത ട്വന്റി ഫോർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മൂവായിരത്തോളം ഹീമോഫീലിയ രോഗികളാണ് സംസ്ഥാനത്തുള്ളത്. രോഗത്തിനുള്ള ഓരോ ഇഞ്ചക്ഷനും സ്വകാര്യ ആശുപത്രികളിൽപതിനായിരം രൂപയിലേറെ ചെലവ് വരും. പലർക്കും മാസത്തിൽ പല തവണ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നതിനാൽ ഭീമമായ ബാധ്യതയാണ് രോഗികൾക്കുണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here