മഡഗാസ്‌കറിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 31 മരണം

തെക്കൻ ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ മഡഗാസ്‌കറിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 31 പേർ മരിച്ചു. 15 പേരെ കാണാതായി. ഒരു ലക്ഷത്തോളം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചത്.
മിത് സിൻജോ, മേവാതനാന ജില്ലകളിൽ കനത്ത വെള്ളപ്പൊക്കമാണുണ്ടായത്. ശക്തമായ മഴയിൽ പല റോഡുകളും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത പ്രദേശങ്ങളിലേക്ക് എത്തുന്നതിന് തടസം നേരിട്ടു. തനാംബെ പട്ടണത്തിനടുത്തുള്ള അണക്കെട്ട് പൊട്ടിയതിനെത്തുടർന്ന് അടുത്തുള്ള ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഒരു ലക്ഷത്തിലധികം പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇവരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.
സ്ഥിതിഗതികൾ രൂക്ഷമായതിനെത്തുടർന്ന് സംഭവം ദേശീയദുരന്തമായി പ്രധാനമന്ത്രി ക്രിസ്റ്റ്യൻ എൻസേ പ്രഖ്യാപിച്ചു. പുനരധിവാസത്തിനും പുനർനിർമാണത്തിനും സഹായം നൽകണമെന്ന് പ്രധാനമന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. കൃഷി കൂടുതലായുള്ള പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കം അരി ക്ഷാമത്തിന് കാരണമാകുമെന്ന് നാഷണൽ ബ്യൂറോ ഓഫ് ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെന്റ് അറിയിച്ചു. സാധാരണ സാധനങ്ങളുടെ വിതരണത്തിലുണ്ടാകുന്ന തടസം വിലക്കയറ്റത്തിന് കാരണമാകുമെന്നും ബിഎൻജിആർസി മുന്നറിയിപ്പ് നൽകി.
ആറ് മാസം നീളുന്ന കടുത്ത മഴക്കാലമാണ് മഡഗാസ്‌കറിലേത്. ഈ സമയത്ത് പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത് പതിവാണ്.
Story Highlights- Flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here