ഇനി അധികാര പരിധി നോക്കണ്ട; സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാം

അധികാര പരിധി നോക്കാതെ സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് പൊലീസ് വിവരം അറിയിച്ചത്. ഏത് സ്റ്റേഷനിൽ നിന്നും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്യാം. തുടർന്ന് ഇത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് അയക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു. പൊലീസ് മീഡിയ സെന്ററിൻ്റെ ഫേസ്ബുക്ക് പേജിൽ പത്രക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് പുതിയ തീരുമാനം. ഇത് നിലവിൽ വരുന്നതു വഴി ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇറങ്ങുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. പൊലീസിനു നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറിവു ലഭിച്ചിട്ടും എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് രണ്ടും വർഷം തടവും പിഴയും ശിഖ നൽകാൻ ഇന്ത്യന്‍ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അധികാര പരിധി നോക്കാതെ സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചത്.

പുതിയ നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ബെഹ്റ അറിയിച്ചു.

സംസ്ഥാന പൊലീസ് മീഡിയ സെന്ററിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാം. തുടർന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആർ അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ തന്നെ എഫ്. ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ല. ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നയാൾക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇതുവഴി സാധിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചത്. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഉത്തർ പ്രദേശ് സർക്കാരും ലളിതകുമാരിയും തമ്മിൽ നടന്ന കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു.

Story Highlights: Kerala Police, FIR

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top