സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക തിരിച്ചുപിടിക്കും

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക മുഴുവനും സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നു. ഇവരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും തുക സര്‍ക്കാരിലേക്ക് തിരിച്ചുപിടിക്കാന്‍ ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യ വകുപ്പ് നിര്‍ദേശം നല്‍കി.

കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ കൈപ്പറ്റിയ സാമൂഹ്യ പെന്‍ഷന്‍ തുകയും തിരിച്ചുപിടിക്കും. സര്‍ക്കാരിനെ കബളിപ്പിച്ച് പെന്‍ഷന്‍ വാങ്ങിയാല്‍ വകുപ്പുതല അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 24 എക്സ്‌ക്ലൂസീവ്

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വ്യക്തികള്‍ക്ക് ഒരു സഹായമെന്ന നിലയിലാണ് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ പെന്‍ഷനുകാരും കുടുംബ പെന്‍ഷന്‍ വാങ്ങുന്നവരും ഇതു അനര്‍ഹമായി വാങ്ങുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക മുഴുവന്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്.

അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇതു അടിയന്തരമായി റദ്ദ് ചെയ്യുകയും സ്വമേധയാ തിരിച്ചടയ്ക്കുകയും വേണം. സര്‍ക്കാര്‍ ജീവനക്കാര്‍ എന്നു മുതലാണോ ജോലി ലഭിച്ചുതുടങ്ങിയതു ആ മാസം മുതല്‍ കൈപ്പറ്റിയ പെന്‍ഷന്‍ തിരിച്ചടയ്ക്കണം. കുടുംബപെന്‍ഷന്‍ ലഭിക്കുന്നവര്‍ അവര്‍ക്ക് കുടുംബപെന്‍ഷന്‍ ലഭിച്ചു തുടങ്ങിയ മാസം മുതലുള്ള സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ തുക തിരിച്ചടയ്ക്കണം.

നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക സ്വമേധയാ തിരിച്ചടയ്ക്കുന്നില്ലെങ്കില്‍ വകുപ്പു തലവന്മവര്‍ സ്പാര്‍ക്ക് വഴി ശമ്പളത്തില്‍ നിന്നും തിരിച്ചു പിടിക്കാന്‍ ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫീസറെ ചുമതലപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സര്‍വീസ് പെന്‍ഷണര്‍മാരും കുടുംബപെന്‍ഷന്‍ ലഭിക്കുന്നവരും കൈപ്പറ്റിയ പെന്‍ഷന്‍ തുക മുഴുവനും അവരുടെ പെന്‍ഷനില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ട്രഷറി ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സര്‍ക്കാരിനെ കബളിപ്പിച്ച് വീണ്ടും പെന്‍ഷന്‍ വാങ്ങിയാല്‍ വകുപ്പുതല നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights:pension


							
              

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More