ലക്ഷ്മണരേഖയ്ക്ക് അപ്പുറം പോകാന്‍ അനുവദിക്കില്ല; അച്ചടക്ക സമിതി രൂപീകരിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അച്ചടക്കം അനിവാര്യമാണ്. അച്ചടക്ക ലംഘനം അനുവദിക്കാനാകില്ല. എത്ര വലിയ നേതാവായാലും ലക്ഷ്മണരേഖയ്ക്ക് അപ്പുറം പോകാന്‍ അനുവദിക്കില്ല. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യവും ആഭ്യന്തര ജനാധിപത്യവും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളെ വിമര്‍ശിക്കുകയും ഭാരവാഹി പട്ടികയെ എതിര്‍ക്കുകയും ചെയ്തവര്‍ക്കുള്ള താക്കീതായിരുന്നു കെപിസിസി ഭാരവാഹികളുടെ പ്രഥമ യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. നേതാക്കളെല്ലാം പരസ്യ പ്രതികരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് പരസ്യ പ്രതികണം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അച്ചടക്ക സമിതി രൂപീകരിക്കണമെന്ന നിര്‍ദേശത്തിലേക്ക് എത്തിയത്.

ആരെയൊക്കെ അച്ചടക്ക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഹൈക്കമാന്‍ഡ് പോലും പരസ്യ പ്രതികരണം വിലക്കിയിരുന്നതാണ്. എങ്കിലും പലരും പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. ഇക്കാര്യം ഗൗരവമായി പരിശോധിക്കും.

Story Highlights: kpcc, mullappally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top