എൻപിആർ വിവര ശേഖരണത്തിന് അധ്യാപകരെ വേണം; മഞ്ചേരി നഗരസഭയിൽ നിന്നും പ്രധാനാധ്യാപകർക്ക് സർക്കുലർ: വിവാദം

സെൻസസിനൊപ്പം എൻപിആർ വിവര ശേഖരണത്തിന് അധ്യാപകരെ ആവശ്യപ്പെട്ട് മഞ്ചേരി നഗരസഭയിൽ നിന്ന് പ്രധാനാധ്യാപകർക്ക്
സർക്കുലർ. സംഭവം വിവാദമായതോടെ നഗരസഭ കത്ത് പിൻവലിച്ചു. സർക്കാർ നിർദ്ദേശം മറികടക്കുന്ന ഉദ്യോഗസ്ഥർക്കേതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച ഉത്തരവിൻ്റെ പകർപ്പോടെയാണ് മഞ്ചേരി നഗരസഭാ സെക്രട്ടറി പ്രധാനാദ്ധ്യാപകർക്ക് കത്തയച്ചത്. മഞ്ചേരി നഗരസഭയില്‍ നിന്ന് അയച്ച കത്തില്‍ 2021 സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൻറെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കി അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കത്തിനോടൊപ്പം അയച്ച കേന്ദ്രസർക്കാർ ഉത്തരവിൽ 2020ലെ എൻപിആർ പുതുക്കുന്നതിൻ്റെ ഭാഗമാണിതെന്നും പരാമർശിച്ചിരുന്നു. കേരളത്തിൽ എൻപിആറുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും നിർത്തി വെച്ചെന്ന സർക്കാർ ഉത്തരവ് മറികടന്നായിരുന്നു നഗരസഭയുടെ നടപടി. സംഭവം വിവാദമായതോടെ നഗരസഭ അധികൃതർ സർക്കുലർ തിരികെ വാങ്ങി.
അതേസമയം സംസ്ഥാനത്ത് എൻപിആർ നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാർ നിർദേശം എല്ലാ ഫീൽഡ് ഓഫീസർമാർക്കും നൽകിയിട്ടുണ്ടെന്നും വ്യക്തമായ നിർദ്ദേശത്തിന് ശേഷവും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ നിലപാടിന് വിരുദ്ധമായി എൻപിആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിലൊരിടത്തും ആരംഭിച്ചിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.
Story Highlights: NPR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here