കൊറോണ: സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്

കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതിൽ ഏഴ് പേർ ആശുപത്രികളിലാണുള്ളത്. കൊച്ചിയിൽ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ആശുപത്രികളിൽ കഴിയുന്നത്.

വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ഇവർക്ക് രോഗലക്ഷണമില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇന്നലെ മാത്രം 109 പേർ ചൈനയിൽ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയവരിൽ വൂഹാൻ സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളുമുണ്ട്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബൈ പ്രവിശ്യയിൽ മാത്രം 24 പേരാണ് മരിച്ചത്. ഹൂബൈയിൽ 769 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 461 പേരുടെ നില അതീവ ഗുരുതരമാണ്.

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ പ്രധാന നഗരങ്ങൾ അടച്ചിരിക്കുകയാണ്. ഷാൻഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാൻ, ടിയാൻജിൻ തുടങ്ങി സ്ഥലങ്ങളിൽ കടുത്ത യാത്രാ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

story highlights- corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top