ഷഹീന്‍ ബാഗിലെ വിവാദ പ്രസംഗം: ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

ഡല്‍ഹി ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ വിവാദ പ്രസംഗം നടത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ജഹനാബാദില്‍ നിന്നാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്ന് പ്രസംഗിച്ചുവെന്ന കേസില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായി വേദികളില്‍ ഷര്‍ജീല്‍ ഇമാം ദേശദ്രോഹ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പൊലീസ് പറഞ്ഞു. അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്ന പരാമര്‍ശത്തിന് പിന്നാലെ ഡല്‍ഹി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീലിനെതിരെ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഒളിവിലായിരുന്നു ഷര്‍ജീല്‍. ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിഹാറിലെ ജഹനാബാദില്‍ നിന്ന് ഷര്‍ജീലിനെ അറസ്റ്റ് ചെയ്യുന്നത്. മതവിദ്വേഷം പടര്‍ത്തുക, സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തി. രാജ്യത്തെ ശിഥിലീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് ഷര്‍ജീലിന്റെ അറസ്റ്റില്‍ പ്രതികരിച്ചുകൊണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ഷര്‍ജീലിനെ ഉടന്‍ ഡല്‍ഹിയിലെത്തിക്കും.
JNU student Sharjeel Imam arrested by Delhi Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here