ദേശീയ സീനിയർ വനിതാ ഹോക്കിയിൽ ശ്രദ്ധാകേന്ദ്രമായി പതിനാലുകാരി

കൊല്ലത്ത് പുരോഗമിക്കുന്ന ദേശീയ സീനിയർ വനിതാ ഹോക്കിയിലെ ശ്രദ്ധാകേന്ദ്രമാവുകയാണ് നവനീത് കൗർ എന്ന പതിനാലുകാരി. യൂക്കോ ബാങ്കിനെ പ്രതിനിധീകരിക്കുന്ന നവനീത് ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.
സീനിയർ ദേശീയ വനിതാ ഹോക്കിയിൽ ഭാഗമാകാൻ ഭാഗ്യം ലഭിച്ച ഈ ജൂനിയറിന്റെ കുട്ടിച്ചിരി എല്ലാ താരങ്ങൾക്കും പ്രിയപ്പെട്ടതാണ്. കളിക്കളത്തിന് പുറത്ത് നിറയെ ചിരിക്കുന്ന നവനീത് പക്ഷേ കളിക്കളത്തിൽ പുലിയാണ്. സീനിയർ താരങ്ങളെ വെല്ലുന്ന ചടുലതയും വേഗതയുമാണ് നവനീതിന്റെ കരുത്ത്.
ജസ്വീന്ദർ സിംഗ്, ജതീന്ദർ കൗർ ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളാണ് ഹരിയാനയിലെ സിംഗ്പുര ഗ്രാമത്തിൽ നിന്നെത്തിയ നവനീത് കൗർ. പത്താം ക്ലാസുകാരിയായ നവനീത് 2019ലെ സിബിഎസ്‌സി സ്‌കൂൾ ഇന്റർനാഷണൽസിൽ അണ്ടർ 14 വിഭാഗത്തിൽ പങ്കെടുത്ത് സ്വർണം നേടിയതോടെയാണ് യൂക്കോ ബാങ്ക് ടീമിലെത്തിയത്.
ദേശീയ സെലക്ടറും മുൻ അന്താരാഷ്ട്ര താരവുമായ സുരീന്ദർ കൗറാണ് നവനീതിന്റെ റോൾ മോഡൽ. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലെത്തുകയാണ് കുട്ടിത്താരത്തിന്റെ ലക്ഷ്യം. ബൽറാജ് സോധിയാണ് നവനീതിന്റെ പരിശീലകൻ.
navaneet kour, national senior woman hockey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here