നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും ; നയപ്രഖ്യാനത്തില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള ഏറ്റുമുട്ടലിനിടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ അവതരിപ്പിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്ന ചോദ്യം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലുള്ള പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാവും എന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം.
എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു വരി പോലും മാറ്റില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച് നിന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. ഗവര്‍ണക്കെതിരായി തുടക്കത്തില്‍ കൈക്കോണ്ട നിലപാടില്‍ സര്‍ക്കാരും മയപ്പെടുത്തല്‍ വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കി കത്തില്‍ പറഞ്ഞിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ഭരണഘടനയ്ക്ക് അനുസൃതമായ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യം മാവില്ലെന്നും സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് നിയമസഭ പാസാക്കിയ പ്രമേയത്തെ പറ്റിയും സംസ്ഥാനത്തെ പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തെ ഗവര്‍ണര്‍ ഇനി എതിര്‍ത്തേക്കില്ലെന്നാണ് സൂചന. വിയോജിപ്പുളള ഭാഗം ഗവര്‍ണര്‍ വായിക്കാതെ വിടാനാണ് സാധ്യത.
അതേസമയം, ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. നാളെ രാവിലെ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഗവര്‍ണക്കെതിരായ തുടര്‍ നിലപാടുകള്‍ക്ക് രൂപം നല്‍കും. നാളെ സഭക്കുളളിലും പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നാണ് സൂചന.
Story Highlights- Legislative session begins tomorrow; The Governor’s policy speech was the focus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here