അണ്ടർ-19 ലോകകപ്പ്: കംഗാരുക്കൾക്ക് മടങ്ങാം; കൂറ്റൻ ജയത്തോടെ ഇന്ത്യ സെമിയിൽ

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 74 റൺസിനാണ് ഇന്ത്യ ഓസീസിനെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 43.3 ഓവറിൽ 159 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കാർത്തിക് ത്യാഗി നാലും ആകാശ് സിംഗ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 75 റൺസെടുത്ത സാം ഫാനിംഗ് ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ.
തകർച്ചയോടെയാണ് കങ്കാരുപ്പട ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ പന്തിൽ തന്നെ ഓസ്ട്രേലിയക്ക് ഓപ്പണർ ജേക് ഫ്രേസറിനെ നഷ്ടമായി. ഇല്ലാത്ത റണ്ണിനോടിയ ഫ്രേസർ (0) റണ്ണൗട്ടായി. ഓവറിലെ നാലാം പന്തിൽ ക്യാപ്റ്റൻ മക്കൻസി ഹാർവിയും (4) പുറത്തായി. ഹാർവിയെ ത്യാഗി വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ അടുത്തയാളും പുറത്ത്. ഒരു ഗംഭീര യോർക്കറിലൂടെ ലച്ച്ലൻ ഹീണിൻ്റെ കുറ്റി പിഴുത ത്യാഗി ഇന്ത്യക്ക് സ്വപ്നസുന്ദരമായ തുടക്കം സമ്മാനിച്ചു. ആദ്യ ഓവർ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസ്.
മൂന്നാം ഓവറിൽ ത്യാഗി വീണ്ടും ആഞ്ഞടിച്ചു. രണ്ട് റൺസെടുത്ത ഒലിവർ ഡേവീസിനെ ത്യാഗിയുടെ പന്തിൽ യശസ്വി ജെയ്സ്വാൾ പിടികൂടി. നാല് വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിൽ ക്രീസിലൊത്തു ചേർന്ന സാം ഫാനിംഗ്, പാട്രിക് റോവ് സഖ്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. 51 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം പാട്രിക് റോവ് മടങ്ങി. രണ്ടാം സ്പെല്ലിനെത്തിയ കാർത്തിക് ത്യാഗി റോവിനെ ധ്രുവ് ജൂറെലിൻ്റെ കൈകളിൽ എത്തിച്ചു.
ആറാം വിക്കറ്റിലാണ് ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെ എത്തിയത്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലാദ്യമായി കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് റോളിലെത്തിയ ലിയാം സ്കോട്ട് സാം ഫാനിംഗിനൊപ്പം ചേർന്നതോടെ ഓസീസ് കരകയറാൻ തുടങ്ങി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. 41ആം ഓവറിൽ രവി ബിഷ്ണോയ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്ത്. 35 റൺസെടുത്ത സ്കോട്ടിനെ ബിഷ്ണോയ് ധ്രുവ് ജൂറെലിൻ്റെ കൈകളിൽ എത്തിച്ചു. പിന്നീടെല്ലാം വേഗം കഴിഞ്ഞു.
ആകാശ് സിംഗ് എറിഞ്ഞ തൊട്ടടുത്ത ഓവറിൽ മൂന്നു വിക്കറ്റുകൾ നിലം പതിച്ചു. 75 റൺസെടുത്ത് ഓസീസ് ഇന്നിംഗ്സിൻ്റെ ടോപ്പ് സ്കോററായ സാം ഫാനിംഗിനെ ധ്രുവ് ജൂറെൽ പിടികൂടിയപ്പോൾ അടുത്ത പന്തിൽ കോണർ സള്ളി (5) റണ്ണൗട്ടായി. അഞ്ചാം പന്തിൽ ടോഡ് മർഫിയുടെ കുറ്റി പിഴുത ആകാശ് ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. 44ആം ഓവറിൽ മാത്യു വില്ലൻസിനെ ക്ലീൻ ബൗൾഡാക്കിയ ആകാശ് ഇന്ത്യക്ക് ജയവും സെമിഫൈനൽ ടിക്കറ്റും ഉറപ്പിക്കുകയായിരുന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 6 വിക്കറ്റിനു 144 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ രവി ബിഷ്ണോയും അഥർവ അങ്കോലേക്കറും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 62 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അങ്കോലേക്കർ 55 റൺസെടുത്ത് പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്കായി ടോഡ് മർഫി, കോറി കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: India, Australia, U-19 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here