കെയിൻ വില്ല്യംസണിന്റെ അവിശ്വസനീയ ബാറ്റിംഗ്; ഷമിയുടെ അവിശ്വസനീയ ബൗളിംഗ്; മൂന്നാം ടി-20 സൂപ്പർ ഓവറിലേക്ക്

ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ടി-20 സൂപ്പർ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡിനും 179 റൺസേ എടുക്കാനായുള്ളൂ. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയെപ്പോലെ കിവികളും നന്നായാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ മാർട്ടിൻ ഗപ്റ്റിലും കോളിൻ മൺറോയും ചേർന്ന് 47 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 21 പന്തുകളിൽ 31 റൺസെടുത്ത മൺറോയെ ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ സബ് ഫീൽഡറായെത്തിയ മലയാളി താരം സഞ്ജു സാംസൺ ഉജ്ജ്വലമായി പിടികൂടി. ഏറെ വൈകാതെ കോളിൻ മൺറോയും (14) മടങ്ങി. മൺറോയെ ജഡേജയുടെ പന്തിൽ രാഹുൽ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മിച്ചൽ സാൻ്റ്നർ (9), കോളിൻ ഡി ഗ്രാൻഡ്‌ഹോം (5) എന്നിവർക്കും പിടിച്ചു നിൽക്കാനായില്ല. സാൻ്റ്നറിനെ ചഹാൽ ബൗൾഡാക്കിയപ്പോൾ ഗ്രാൻഡ്‌ഹോമിനെ ശർദുൽ താക്കൂറിൻ്റെ പന്തിൽ ശിവം ദുബേ പിടികൂടി. തുടർന്ന് സ്കോറിങ് ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത നായകൻ കെയിൻ വില്ല്യംസൺ ഒറ്റക്ക് പട നയിച്ചു. 28 പന്തുകളിൽ അർധസെഞ്ചുറി നേടിയ കെയിൻ അര സെഞ്ചുറിക്ക് ശേഷം ഗിയർ ടോപ്പിലേക്ക് മാറ്റി. ബുംറയടക്കം എല്ലാ ബൗളർമാരും കെയിനിൻ്റെ ബാറ്റിംഗ് ചൂടറിഞ്ഞു. അല്പമെങ്കിലും രക്ഷപ്പെട്ടത് ശർദ്ദുൽ താക്കൂർ ആയിരുന്നു.
അവസാന ഓവറിൽ 9 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഷമി എറിഞ്ഞ ആദ്യ പന്ത് തന്നെ റോസ് ടെയ്‌ലർ സിക്സർ നേടി കളി വരുതിയിലാക്കി. മൂന്നാം പന്തിൽ കെയിൻ പുറത്തായി. 48 പന്തുകളിൽ 8 ബൗണ്ടറികളും ആറു സിക്സറുകളും സഹിതം 95 റൺസെടുത്ത കെയിൻ ന്യൂസിലൻഡിൻ്റെ ജയം ഉറപ്പിച്ചാണ് മടങ്ങിയത്. കെയിനിനെ ഷമിയുടെ പന്തിൽ രാഹുൽ പിടികൂടുകയായിരുന്നു.
മൂന്നു പന്തുകളിൽ രണ്ട് റൺസായിരുന്നു ന്യൂസിലൻഡിനു വേണ്ടിയിരുന്നത്. രണ്ട് പന്തുകൾ മിസ് ചെയ്ത സെയ്ഫർട്ട് അഞ്ചാം പന്തിൽ ബൈ ഓടി. അവസാന പന്തിൽ ടെയ്‌ലർ പ്ലെയ്ഡ് ഓണായതോടെ കളി സൂപ്പർ ഓവറിലേക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here