പെരിയാർ വന്യ ജീവി സങ്കേതത്തില്‍ അനധികൃതമായി ഫുട്ബോള്‍ മൈതാനം നിർമ്മിച്ച സംഭവം; കടുവ സംരക്ഷണ അതോറിറ്റി വിശദീകരണം തേടി

പെരിയാർ വന്യ ജീവി സങ്കേതത്തില്‍ അനധികൃതമായി ഫുട്ബോള്‍ മൈതാനം നിർമ്മിച്ച സംഭവത്തില്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി വിശദീകരണം തേടി. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാർഡനോടാണ് അടിയന്തര വിശദീകരണം തേടിയത്. നേരത്തെയും വിശദീകരണം ആവശ്യപെട്ടിരുന്നുവെന്നും, മറുപടി ലഭിച്ചില്ലെന്നും കത്തില്‍ പരാമർശിക്കുന്നു.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പെരിയാർ വന്യ ജീവി സങ്കേതത്തില്‍ എല്ലാ വിധ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും നിരോധനം ഉണ്ട്. എന്നാല്‍ പ്രദേശത്ത് ഒമ്പതടിയോളം മണ്ണിടിച്ച് ഫുഡ്ബോള്‍ മൈതാനം നിർമ്മിച്ചതിനെ കുറിച്ചുള്ള ട്വന്റിഫോർ വാർത്തയെ തുടർന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി വിശദീകരണം തേടിയത്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാർഡനോട് അടിയന്തിരമായി വിശദീകരണം നല്‍കാനാണ് ആവശ്യപെട്ടിരിക്കുന്നത്. ഇതിനോടകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിഷയത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര വന നിയമം അട്ടിമറിച്ചാണ് മൈതാനം നിർമ്മിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് 1972 ന്റെയും, ഫോറസ്റ്റ് കണ്‍സർവേഷന്‍ ആക്റ്റ് 1980 ന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. ഒപ്പം മൈതാനം നിർമ്മിച്ചത് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ഉള്‍പെടയുള്ളവരുടെ അറിവോടെയാണോ എന്നും പരിശോധിക്കും.
ക്രിട്ടികല്‍ ടൈഗർ ഹാബിറ്റായി പരിപാലിക്കുന്ന പ്രദേശത്താണ് വനം വകുപ്പ് ഫുട്ബോള്‍ മൈതാനം നിർമ്മിച്ചത്. ഒരു ഹെക്റ്റർ ഭൂമിയില്‍ എട്ട് മുതല്‍ ഒൻപത് അടിയോളം ആഴത്തില്‍, മണ്ണ് ജെസിബി ഉപയോഗിച്ച് നിരത്തിയാണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്.
Story Highlights: Football Ground
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here