ഗോകുലം എഫ്സി ട്രയൽസ് നടത്തുന്നു എന്ന് വ്യാജ പ്രചാരണം; എത്തിയത് നിരവധി കുട്ടികൾ

ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സി ട്രയൽസ് നടത്തുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച് ഗോകുലം ക്ലബ് ട്രയൽസ് നടത്തുന്നു എന്നായിരുന്നു പ്രചാരണം. ഫേസ്ബുക്ക്, വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട സന്ദേശം വിശ്വസിച്ച് നിരവധി കുട്ടികളാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ട്രയൽസിനായി എത്തിയത്.
നാനൂറോളം കുട്ടികളാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയത്. പുലർച്ചെ തന്നെ സ്റ്റേഡിയത്തിലേക്ക് കുട്ടികളെത്തി. കുട്ടിക്കൂട്ടം തടിച്ചുകൂടുന്നതു കണ്ട സ്റ്റേഡിയം അധികൃതർ വിവരം അന്വേഷിച്ചതിനെ തുടർന്ന് കുട്ടികൾ ട്രയൽസിൻ്റെ വിവരം അവരെ അറിയിച്ചു. എന്നാൽ ഇത്തരത്തിലുള്ള സെലക്ഷൻ ക്യാമ്പോ ട്രയൽസോ സ്റ്റേഡിയത്തിൽ നടക്കുന്നില്ലെന്ന് സ്റ്റേഡിയം അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് കുട്ടികൾക്ക് മനസ്സിലായത്.
വാട്സപ്പ് സന്ദേശങ്ങൾ കണ്ടാണ് പലരും ട്രയൽസിനായി എത്തിയത്. ചില യൂട്യൂബ് ചാനലുകളും സമാനമായ വിവരം പങ്കുവെച്ചിരുന്നു എന്ന് കുട്ടികൾ പറയുന്നു.
അതേ സമയം, ഗോകുലം കേരള എഫ്സി ഐലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ്. 8 മത്സരങ്ങളിൽ നിന്ന് 4 ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമടക്കം 13 പോയിൻ്റുകളാണ് ഗോകുലത്തിൻ്റെ സമ്പാദ്യം. ചർച്ചിൽ ബ്രദേഴ്സിനെതിരെ നടന്ന അവസാന മത്സരത്തിലെ ടിക്കറ്റ് തുക സെവന്‍സ് മത്സരത്തിനിടെ മരിച്ച ധനരാജിന്റെ കുടുംബത്തിന് ഗോകുലം കൈമാറിയിരുന്നു. 560350 രൂപയാണ് കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
Story Highlights: Gokulam FC, Fake News
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here