മൂവി സ്ട്രീറ്റ് സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അവാർഡ് ദാനച്ചടങ്ങ് ഫെബ്രുവരി രണ്ടിന്

ഫേസ്ബുക്കിലെ പ്രമുഖ സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൻ്റെ സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പോയവർഷം മലയാള സിനിമാ മേഖലയിൽ മികച്ച പ്രകടനം നടത്തിയവർക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഓഡിയൻസ് പോളിലൂടെയും ജൂറി തീരുമാനത്തിലൂടെയുമായിരുന്നു അവാർഡുകൾ. ഫെബ്രുവരി രണ്ട് ഉച്ചതിരിഞ്ഞ് രണ്ട് മുതൽ എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ചാണ് പുരസ്കാര ദാനച്ചടങ്ങ് നടക്കുക.
ആകെ 20 പുരസ്കാരങ്ങളാണ് നൽകുന്നത്. ദളിത് രാഷ്ട്രീയവും ഇടം നഷ്ടപ്പെടുന്നവരുടെ ആവലാതികളും സമഗ്രമായി സംസാരിച്ച, മമ്മൂട്ടി നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രണയത്തിൻ്റെ സങ്കീർണമായ തലങ്ങൾ അവതരിപ്പിച്ച മൂത്തോൻ എന്ന സിനിമയിലൂടെ ഗീതു മോഹൻദാസ് മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ രണ്ട് കഥാപരിസരങ്ങളിൽ തീർത്തും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തിയ അന്ന ബെൻ ആണ് മികച്ച നടി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിൽ സമാനതകളില്ലാത്ത അഭിനയ പാടവം കാഴ്ച വെച്ച സുരാജ് വെഞ്ഞാറമൂട് മികച്ച നടനെന്ന പുരസ്കാരത്തിന് അർഹനായി.
ഇഷ്ഖ്, ഉണ്ട എന്നീ സിനിമകളിലെ അഭിനയത്തിന് ഷൈൻ ടോം ചാക്കോ മികച്ച സ്വഭാവ നടനായും കുമ്പളങ്ങിയിലെ തന്നെ പ്രകടനത്തിന് ഗ്രേസ് ആൻ്റണി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സൂരജ് സന്തോഷ് ആണ് മികച്ച ഗായകൻ. സിത്താര മികച്ച ഗായിക. വിഷ്ണു വിജയ്- മികച്ച സംഗീത സംവിധായകൻ, സുഷിൻ ശ്യാം- മികച്ച പശ്ചാത്തല സംഗീതം, വിനായക് ശശികുമാർ- മികച്ച ഗാനരചന, ഷൈജു ഖാലിദ്- മികച്ച ഛായാഗ്രാഹകൻ, ശ്യാം പുഷ്കരൻ- മികച്ച തിരക്കഥാകൃത്ത്, എന്നിവർ കൂടി വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
റോണക്സ് സേവ്യർ- മേക്കപ്പ്, സൈജു ശ്രീധരൻ- എഡിറ്റർ, രംഗനാഥ് രവി- സൗണ്ട് ഡിസൈൻ, ജ്യോതിഷ് ശങ്കർ- കലാസംവിധാനം, സമീറ സനീഷ്- കോസ്റ്റ്യൂം ഡിസൈൻ, ഗിന്നസ് പക്രു- സ്പെഷ്യൽ ജൂറി അവാർഡ് എന്നിങ്ങനെയാണ് ജൂറി പാനൽ നിർണയിച്ച പുരസ്കാരങ്ങൾ. 2011ൽ ട്രാഫിക് എന്ന സിനിമയുമായെത്തി നവ മലയാള സിനിമക്ക് പുതിയൊരു ദിശാബോധം നൽകിയ രാജേഷ് പിള്ളയ്ക്ക് ഓണററി പുരസ്കാരവും നൽകും.
Story Highlights: Movie Street Awards 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here