പൊതുജനങ്ങള്‍ക്കായി ഈ വര്‍ഷം ഷാര്‍ജയില്‍ 18 പാര്‍ക്കുകള്‍ കൂടി തുറക്കും

പദ്ധതികള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വകുപ്പ് ചെയര്‍മാന്‍ അലി ബിന്‍ ഷെഹിദ് അല്‍ സുവൈദി പറഞ്ഞു. ഷാര്‍ജ എമിറൈറ്റിലെ താമസക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. മൂന്ന് ഗ്രീന്‍ സ്‌ക്വയറുകള്‍, അഞ്ച് കിലോമീറ്റര്‍ റബര്‍ നടപ്പാതകള്‍ ഉള്‍പ്പെടെ ഇരുപതിലേറെ വിനോദ പരിപാടികള്‍ക്കുള്ള സംവിധാനം ഇതുവരെ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്ന് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഫുട്‌ബോള്‍ മൈതാനം, കുട്ടികളുടെ കളിസ്ഥലം ഉള്‍പ്പെടെ നിരവധി ആകര്‍ഷണങ്ങളാണ് പാര്‍ക്കുകളില്‍ എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. എമിറേറ്റിന്റെ വികസന പദ്ധതിയുടെ ഭാഗമായി സമൂഹത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ മധ്യമേഖലയ്ക്കായി നിരവധി ചെറിയ പാര്‍ക്കുകളും പണി പൂര്‍ത്തിയാക്കുന്നുണ്ട്. മൂവായിരത്തി അഞ്ഞൂറ് മീറ്ററോളം റബര്‍ നടപ്പാതയുള്ള നാല് പാര്‍ക്കുകളാണ് വെവ്വേറെ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top