Advertisement

ബിഎസ്എൻഎലിൽ ഇന്ന് കൂട്ടവിരമിക്കൽ

January 31, 2020
1 minute Read

ബിഎസ്എൻഎലിൽ ഇന്ന് കൂട്ടവിരമിക്കൽ. രാജ്യത്ത് എൺപതിനായിരത്തോളം പേരാണ് ഇന്ന് ബിഎസ്എൻഎലിൽ നിന്നു പടിയിറങ്ങുന്നത്. കേരളത്തിലെ 9000 ത്തോളം ജീവനക്കാരിൽ നാലായിരത്തോളം പേർ വിരമിക്കും. സ്വയം വിരമിക്കൽ പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാർ പുറത്ത് പോകുന്നത്.

ജീവനക്കാരുടെ എണ്ണം കൂടുതൽ ആയതാണ് ബിഎസ്എൻഎലിനെ പ്രതിസന്ധിയിലാക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിൻറെ വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും കമ്പനിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്വയം വിരമിക്കൽ പദ്ധതി. ഇത്രയേറെ ജീവനക്കാർ പോകുന്നത് പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ എടുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. സ്വയം വിരമിക്കളിലൂടെ പുറത്തു പോകുന്നവർക്ക് പ്രത്യേകം വിരമിക്കൽ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ടില്ല. കഴിഞ്ഞ നവംബറിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്തിരുന്നു. കരാർ ജീവനക്കാരനായ വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ സ്വദേശി കുന്നത്ത് വീട്ടിൽ രാമകൃഷ്ണൻ(52) നാണ് നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. 10 മാസമായി ഇദ്ദേഹത്തിനു ശമ്പളം ലഭിച്ചിരുന്നില്ല.

നേരത്തെ ബിഎസ്എൻഎൽ-എംടിഎൻഎൽ ലയനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. ബിഎസ്എൻഎലിന് 4ജി സ്‌പെക്ട്രം അനുവദിക്കും. ലയനം പൂർത്തിയായതിന് ശേഷം എംടിഎൻഎൽ ബിഎസ്എൻഎലിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കും. ഇതോടൊപ്പമാണ് ജിവനക്കാർക്ക് സ്വയം വിരമിക്കൽ (വിആർഎസ്) നടപ്പാക്കാനും തീരുമാനമായത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി ഏർപ്പെടുത്തിയത്.

Story Highlights: BSNL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top