മാവേലിക്കര എസ്എൻഡിപി യൂണിയൻ ഓഫീസിൽ സംഘർഷം; വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ച് സുഭാഷ് വാസു പക്ഷം

മാവേലിക്കര എസ്എൻഡിപി യൂണിയൻ ഓഫീസിൽ സംഘർഷം. യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കിയത് കൊല്ലം സബ് കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് സുഭാഷ് വാസു യൂണിയൻ ഓഫീസിൽ പ്രവേശിക്കാനെത്തിയത് മറു വിഭാഗവും പൊലീസും ചേർന്ന് തടഞ്ഞു. ഇതിന് പിന്നാലെ സുഭാഷ് വാസു പക്ഷത്തിലെ ഒരു വിഭാഗം എസ്എൻഡിപി ഓഫിസിൽ അതിക്രമിച്ച് കയറി. പിന്നീട് ഇരുകൂട്ടരെയും പൊലീസ് പുറത്താക്കി.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ വൈകിട്ട് 5.30 ഓടെയാണ് സുഭാഷ് വാസുവും കൂട്ടരും ഓഫിസിൽ പ്രവേശിക്കാനെത്തിയത്. വെള്ളാപ്പള്ളി അനുകൂലികൾ ഇത് തടഞ്ഞു. തുടർന്നായിരുന്നു സംഘർഷം. ബലമായി ഓഫീസിൽ പ്രവേശിക്കാൻ ശ്രമിച്ച സുഭാഷ് വാസുവിഭാഗത്തെ പൊലീസ് തടഞ്ഞു. ഇരുകൂട്ടർക്കും പൊലീസ് പ്രവേശനം നിഷേധിച്ചു. പൊലീസ് വെള്ളാപ്പള്ളിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് സുഭാഷ് വാസു ആരോപിച്ചു.
ഇതിനിടെ എതിർവിഭാഗം വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു. മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതിയാണ് അംഗീകരിച്ചത് സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഡിസംബർ 28നാണ് സുഭാഷ് വാസുവിനെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയൻ ഭരണം അഡ്മിനിസ്‌ട്രേറ്റർക്ക് വെള്ളാപ്പള്ളി നടേശൻ കൈമാറിയത്.
Story Highlights- SNDP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here