ജാമിഅ വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്ത അക്രമിയുടെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു

ജാമിഅ വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്ത അക്രമി രാംഭക്ത് ഗോപാലിന്റെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിനാണ് ഫേസ്ബുക്ക് നടപടിയെടുത്തത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തത്.
“ഇത്തരത്തിൽ അക്രമം നടത്തുന്ന ആളുകൾക്ക് ഫേസ്ബുക്കിൽ ഇടമില്ല. ഞങ്ങൾ ആ അക്രമിയുടെ അക്കൗണ്ട് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അക്രമത്തെയോ അക്രമകാരിയെയോ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദിക്കുന്നതുമായ ഏത് അക്കൗണ്ടും കാണുന്ന മുറക്ക് നീക്കം ചെയ്യുന്നതാണ്.’ ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
ജാമിഅ വെടിവെപ്പിന് മുമ്പ് ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 2600 കമന്റുകളാണ് വൈകിട്ട് അഞ്ച് മണിയോടെ ലഭിച്ചത്. 763 തവണ പങ്കുവെക്കപ്പെട്ട ഈ വീഡിയോ 65000 ഓളം പേർ കാണുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തത്. എന്നാൽ ഇപ്പോൾ ഇതേ പേരിൽ തന്നെ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോൾ കാണുന്നുണ്ട്. അക്കൗണ്ട് വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.
കറുത്ത ജാക്കറ്റ് ധരിച്ച് ‘ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം’ എന്ന് അലറിക്കൊണ്ടായിരുന്നു യുവാവ് വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്തത്. അവസാന യാത്രയിൽ തന്നെ കാവി വസ്ത്രം പുതപ്പിക്കണമെന്നും ജയ്ശ്രീറാം മുഴക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വെടിയുതിർക്കുന്നതിനിടെ ഇയാൾ പറഞ്ഞിരുന്നു. രാംഭക്തിന്റെ വെടിയേറ്റ് ഒരു വിദ്യാർത്ഥിക്ക് പരുക്കേറ്റു. ഷദാബ് ഫറൂഖ് എന്ന വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്. വിദ്യാർത്ഥികൾ ചേർന്ന് ഷദാബിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ജെവാർ സ്വദേശിയാണ് 19 കാരനായ രാംഭക്ത് ഗോപാൽ. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
Story Highlights: Jamia Millia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here