‘ഒരാൾക്ക് ഒരു പദവി യൂത്ത് കോൺഗ്രസിലും നടപ്പാക്കൂ’; കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ. ഒരാൾക്ക് ഒരു പദവി യൂത്ത് കോൺഗ്രസിനും വേണമെന്നാണ് ആവശ്യം. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ. എസ് ശബരീനാഥൻ എന്നിവരെ യൂത്ത് കോൺഗ്രസ് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
യൂത്ത് കോൺഗ്രസിന്റെ പുനഃസംഘടനയും അനിശ്ചിതത്വത്തിൽ നിൽക്കുന്ന സാഹചര്യത്തിലാണ് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും ശബരീനാഥനെ ഉപാധ്യക്ഷ സ്ഥാനത്തേക്കുമാണ് പരിഗണിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ഒരാൾക്ക് ഒറ്റ പദവിയെന്ന മാനദണ്ഡം കെപിസിസിയിൽ മാത്രമല്ല, യൂത്ത് കോൺഗ്രസിലും നടപ്പിലാക്കണമെന്ന ആവശ്യമാണ് പോസ്റ്ററിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഷാഫി പറമ്പിലിനേയും ശബരിനാഥനേയും മാറ്റി നിർത്തണമെന്നും ഇരട്ടനീതി അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ പറയുന്നു. അധികാരമോഹികൾ യൂത്ത് കോൺഗ്രസിൽ വേണ്ടെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. സേവ് യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here