Advertisement

ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി അമേരിക്കയില്‍ യാത്രാവിലക്ക്

February 1, 2020
Google News 1 minute Read

ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി അമേരിക്കയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തീരുമാനിച്ചു. എറിത്രിയ, കിര്‍ഗിസ്താന്‍, മ്യാന്‍മര്‍, നൈജീരിയ, സുഡാന്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയതായി വിലക്കേര്‍പ്പെടുത്തിയത്. 2017ല്‍ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിന്റെ യാത്രാവിലക്ക്. വിലക്ക് നടപ്പാകുന്നതോടെ ഈ ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്ക വിസ നല്‍കുകയോ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. കുടിയേറ്റക്കാര്‍ക്കാണ് ഇത് ബാധകമാവുക. കുടിയേറ്റക്കാരല്ലാത്തവര്‍ക്കുള്ള വിസയ്ക്ക് വിലക്കുണ്ടാകില്ല. അമേരിക്കയുടെ സുരക്ഷാവിവര കൈമാറ്റ നിലവാരത്തില്‍ എത്താതാണ് ഈ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ആക്റ്റിംഗ് സെക്രട്ടറി ചാഡ് വോള്‍ഫ് പറഞ്ഞു. പാസ്‌പോര്‍ട്ട് ടെക്‌നോളജിയുടെ നിലവാരമില്ലായ്മയും ഭീകരവാദത്തെയും കുറ്റവാളികളെയും കുറിച്ച് വിവരം നല്‍കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഈ രാജ്യങ്ങളെ വിലക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബെലാറസും വിലക്ക് ഭീഷണിയിലായിരുന്നു. എന്നാല്‍ പരിഹാര നടപടികള്‍ സ്വീകരിച്ചതിനാല്‍ അവര്‍ തത്കാലം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ബെലാറസ് പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നതിനും നിയന്ത്രണമില്ല. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സ്ഥിരതാമസത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വിസയാണ് നല്‍കാത്തത്. വിനോദസഞ്ചാരികള്‍ക്കും വ്യവസായികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും താത്കാലിക വിസ നല്‍കും.

അതേസമയം, ട്രംപിന്റെ യാത്രാവിലക്ക് മുസ്ലിം വിരുദ്ധതയുടെ തെളിവാണെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ മൂന്നെണ്ണം മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്. ഡെമോക്രാറ്റുകളും കുടിയേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന സന്നദ്ധപ്രവര്‍ത്തകരും ട്രംപിന്റെ നീക്കത്തെ എതിര്‍ക്കുന്നു. 2017ലെ യത്ഥാര്‍ഥ വിലക്കിനെ വികസിപ്പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളെ ലക്ഷ്യമിടാനുള്ള ട്രംപിന്റെ നീക്കം ശരിയല്ലെന്ന് ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

Story Highlights-  Trump,  ban visas for citizens of six countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here