കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പാലാരിവട്ടത്ത് നിന്ന് പന്ത്രണ്ടര കിലോ കഞ്ചാവ് കണ്ടത്തിയത്. പത്തനംതിട്ട സ്വദേശി അജിത്, പാലാരിവട്ടം സ്വദേശി ശ്രീക്കുട്ടൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന തടയാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണ് പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. ഇടപാടുകാരെന്ന വ്യാജേനയാണ് പൊലീസ് പ്രതികളെ സമീപിച്ചത്. തുടർന്നാണ് മാമംഗലത്തുള്ള ഒരു സ്ഥാപനത്തിൽ സൂക്ഷിച്ച കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ലോഡ്രി ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ മാമംഗലത്ത് താമസിച്ചിരുന്നത്. ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം എത്തിക്കുന്ന കഞ്ചാവ് പാലാരിവട്ടത്തും പരിസരങ്ങളിലുമായി ആവശ്യക്കാർക്ക് എത്തിക്കുകയാണ് സംഘം ചെയ്തിരുന്നത്.

സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം ഇവർ കഞ്ചാവ് വിതരണം ചെയ്യാറുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിടിയിലായ അജിത്തും ശ്രീക്കുട്ടനും നേരത്തെയും മൂന്ന് കഞ്ചാവ് കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top