കൊറോണ; സംസ്ഥാനത്ത് 206 പേർ കൂടി നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 206 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ 2000 ത്തോളം പേരായി. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പർക്കത്തിലായവരുമടക്കം 1999 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ രോഗ ലക്ഷണങ്ങളുള്ള 75 പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാണ്. മലപ്പുറത്താണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്, 307 പേർ. കോഴിക്കോട് 284 ഉം എറണാകുളത്ത് 251 പേരും നിരീക്ഷണത്തിലാണ്. 28 ദിവസം നിരീക്ഷണം തുടരും. തൃശൂരിന് പിന്നാലെ ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ ശക്തമാക്കി.
വൈറസ് ബാധയേറ്റവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷിക്കും. രണ്ടാമത്തെ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം വിളിച്ച് അടിയന്തര നടപടികൾ സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എല്ലാ ജില്ലകളിലും കൂടുതൽ ജാഗ്രത പുലർത്താനാണ് നിർദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here