രാജസ്ഥാൻ റോയൽസ് രാജസ്ഥാനിൽ നിന്ന് മാറുന്നു; പുതിയ നഗരം ഉടൻ തീരുമാനിക്കുമെന്ന് അധികൃതർ

രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീം ആസ്ഥാനം രാജസ്ഥാനിൽ നിന്ന് മാറ്റുന്നു എന്ന് റിപ്പോർട്ട്. ജയ്പൂരിൽ തുടർച്ചയായി ക്ലബിന് കയ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വരികയാണെന്നും ഭരണകൂടം തങ്ങളെ പല തരത്തിലും ദ്രോഹിക്കുകയാണെന്നും രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റ് പറയുന്നു. പുതിയ ആസ്ഥാനം അസമിലെ ഗുവാഹത്തി ആകുമെന്നാണ് റിപ്പോർട്ട്.
“രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ ക്ലബിനെ വർഷങ്ങളായി ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. ഗുണമൊന്നും ഇല്ലെന്നു മാത്രമല്ല, ദോഷങ്ങൾ മാത്രമേ അവർ നൽകുന്നുള്ളൂ. പണം എങ്ങനെയൊക്കെ നഷ്ടമാകുന്നു എന്ന് മനസ്സിലാക്കിയാൽ ഇത് അറിയാൻ കഴിയും. സൗജന്യ ടിക്കറ്റുകളും സൗജന്യ സീറ്റുകളുമൊക്കെ ക്ലബ് നൽകണം. സ്റ്റേഡിയത്തിലേക്ക് നോക്കൂ. വളരെ മോശം അവസ്ഥയിലാണ് അതുള്ളത്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് നല്ല കാര്യങ്ങളൊന്നും ചെയ്യാൻ പറ്റില്ല.”- ക്ലബ് മാനേജ്മെൻ്റ് കുറ്റപ്പെടുത്തുന്നു.
നേരത്തെ, തങ്ങളുടെ ഏഴ് ഹോം മത്സരങ്ങളിൽ ചിലത് ഗുവാഹത്തിയിൽ കളിക്കാമെന്ന് മാനേജമെൻ്റ് തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ക്ലബിൻ്റെ ആസ്ഥാനം തന്നെ അവിടേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് റോയൽസ്. ഗുവാഹത്തി സ്റ്റേഡിയം മനോഹരമാണെന്നും സ്റ്റേഡിയം സന്ദർശിച്ച ചില കളിക്കാർ നല്ല അഭിപ്രായം പറഞ്ഞുവെന്നും മാനേജ്മെൻ്റ് പറഞ്ഞു. ഗുവാഹത്തിയിൽ റോയൽസിന് കൂടുതൽ ആരാധക പിന്തുണയുണ്ടെന്നും മാനേജ്മെൻ്റ് കണക്കു കൂട്ടുന്നു.
ഇത്തവണ ഐപിഎൽ മത്സരങ്ങൾ മാർച്ച് 29നാണ് തുടങ്ങുക. മെയ് 24ന് മുംബൈയിൽ വെച്ച് ഫൈനൽ മത്സരം നടക്കും. നാലു മണിക്കും എട്ടു മണിക്കുമാണ് മത്സരങ്ങൾ നടക്കുക. 8 മണിക്കുള്ള മത്സരം 7.30ന് ആക്കണമെന്ന സ്റ്റാർ സ്പോർട്സിൻ്റെ ആവശ്യം ബിസിസിഐ തള്ളി. രണ്ട് മത്സരങ്ങൾ ആകെ അഞ്ചു ദിവസങ്ങളിൽ മാത്രമാണ് ഉണ്ടാവുക.
Story Highlights: IPL, Rajasthan Royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here