എസ്എൻഡിപി യൂണിയൻ ഫണ്ട് ക്രമക്കേട്; കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു

എസ്എൻഡിപി യൂണിയൻ ഫണ്ടിൽ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന, വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തി മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നിർത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.
എസ്എൻഡിപിവഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാവേലിക്കര യൂണിയൻ അംഗം ദയകുമാർ ആണ് സുഭാഷ് വാസു വിനെതിരെ കേസ് നൽകിയത്.
എന്നാൽ, എസ്എൻഡിപി യൂണിയന്റെ പ്രവർത്തനങ്ങളെ കുറിച്ചു പൊലീസിൽ പരാതിപ്പെടാൻ ദയകുമാറിന് അർഹത ഇല്ലെന്നും യൂണിയൻ കൗൺസിലിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് വ്യാജ ആരോപണങ്ങളുമായി ദയകുമാർ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതെന്നും സുഭാഷ് വാസുവിന്റെ ഹർജിയിൽ ആരോപിക്കുന്നു. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് കഴിയില്ലെന്നും, പൊലീസ് അന്വേഷണം നിയമപരമല്ലെന്നും താൻ പ്രസിഡന്റായിരുന്ന കാലത്തെ കണക്കുകൾക്ക് മാവേലിക്കര ജനറൽ ബോഡിയോഗം അംഗീകാരം നൽകിയതാണെന്നും ഹർജിയിൽ സുഭാഷ് വാസു വ്യക്തമാക്കുന്നു. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here